ഗുരുവായൂർ :- ഭക്തജത്തിരക്ക് കുത്തനെ ഉയർന്ന ഗുരുവായൂർ ക്ഷേത്രത്തിലെ വരുമാനം സർവകാല റെക്കോഡിലേക്ക്. രണ്ടു പൊതു അവധി ദിനങ്ങൾ തുടർച്ചയായി ലഭിച്ചതുകൊണ്ട് അടുത്ത കാലത്തൊന്നും കാണാത്ത തിരക്കായിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും. തിങ്കളാഴ്ച വരുമാനം ഒരു കോടിയോളം രൂപയെത്തി. ഉച്ചയ്ക്ക് രണ്ടുവരെയുള്ള കണക്കുകൾ പ്രകാരം 99.66 ലക്ഷം രൂപയാണ് വരുമാനം. 2500-ലേറെ പേർ നെയ് വിളക്ക് ശീട്ടാക്കി. 38 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ചത്. തുലാഭാരം വഴിപാടിൽ 31 ലക്ഷവും. ഇവ രണ്ടും റെക്കോഡാണ്. വൈശാഖത്തിൽ പോലും ഇത്രയുമെത്തിയിട്ടില്ല. ക്ഷേത്രത്തിൽ സാധാരണ ദിവസങ്ങളിൽ മൊത്തം വരുമാനം ശരാശരി 35 മുതൽ 60 ലക്ഷം വരെയാണ്. ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ശരാശരി 75 ലക്ഷം വരെയുണ്ടാകും. വൈശാഖത്തിലെ ഞായറാഴ്ചകളിലാണ് 75 ലക്ഷം കടന്നത്.
ഇതുവരെ ഏറ്റവും കൂടിയ വരുമാനം 83 ലക്ഷമായിരുന്നു. മേയ് 18-നായിരുന്നു അത്. ആ റെക്കോഡാണ് തിങ്കളാഴ്ച മറികടന്നത്. വിശേഷദിവസങ്ങളിൽ പോലും കാണാത്ത തിരക്കാണ് തിങ്കളാഴ്ച ഉണ്ടായത്. പടിഞ്ഞാറേ നടപ്പുരയ്ക്ക് പുറത്തേയ്ക്ക് വരി നൂറു മീറ്ററോളം നീണ്ടു. ക്ഷേത്രനടയിലൂടെ വളഞ്ഞു തിരിഞ്ഞുപോയ വരി കിഴക്കേ ക്യൂപ്പന്തലിലൂടെ ക്ഷേത്രത്തിനകത്തെത്താൻ അഞ്ചു മണിക്കൂറോളം വേണ്ടി വന്നു. കിഴക്കേ ഗോപുരനട വഴി, ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരെ എണ്ണിയപ്പോൾ ഒരു മണിക്കൂറിൽ ഏകദേശം 2500 പേർ കടക്കുന്നുണ്ടന്നതാണ് കണ്ടതെന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പറഞ്ഞു. ഒരു ദിവസം ചുരുങ്ങിയത് പത്ത് മണിക്കൂറാണ് ദർശന സമയം. തിരക്കുള്ള ദിവസങ്ങളിൽ 25,000-ത്തിലേറെ പേർ ദർശനം നടത്തിപ്പോകുന്നുണ്ട്.