പറശ്ശിനിക്കടവ് :- ജലഗതാഗത വകുപ്പ് നിർമിക്കുന്ന സോളാർ ബോട്ടുകളിൽ ഒന്ന് ഉടൻ അഴീക്കൽ - പറശ്ശിനിക്കടവ് സർവീസിനായി നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. കെ.വി സുമേഷിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. അഴീക്കൽ ഫെറി - മാട്ടൂൽ വളപട്ടണം വഴി പറശ്ശിനിക്കടവിലേക്കു സർവീസ് നടത്തുന്ന ബോട്ടുകളുടെ സ്‌ഥിതി കാലപ്പഴക്കം കാരണം ശോചനീയമാണെന്നും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുമേഷിന്റെ സബ്‌മിഷൻ. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ കൂടി പ്രയോജനപ്പെടുത്തുന്നതാണ് ഈ ബോട്ട് സർവീസെന്ന് സുമേഷ് ചൂണ്ടിക്കാട്ടി.
സോളർ ബോട്ടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിർമാണം അന്തിമഘട്ടത്തിൽ എത്തിയ ഒരു ബോട്ട് പൂർത്തിയായ ഉടൻ അഴീക്കൽ - പറശ്ശിനിക്കടവ് സർവീസിനായി നൽകും. അറ്റകുറ്റപ്പണി പുരോഗമിക്കുന്ന രണ്ടു ബോട്ടുകളിൽ ഒന്ന് അഴീക്കൽ ഫെറി സർവീസ് നടത്തുന്ന ബോട്ടിന് പകരം അനുവദിക്കും. ഭാവിയിൽ കൂടുതൽ സോളർ ബോട്ടുകൾ ഇറങ്ങുമ്പോൾ അഴീക്കൽ ഫെറി സർവീസിനു പുതിയ ബോട്ട് നൽകുമെന്നും മന്ത്രി സബ്‌മിഷന് മറുപടിയായി അറിയിച്ചു.