കണ്ണൂർ :- അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് തോട്ടട സ്വദേശിനി ആയ 13 കാരി മരണപ്പെട്ടതിനെ തുടർന്ന് കേന്ദ്രസംഘം ജില്ലയിൽ സന്ദർശനം നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കൺസൾട്ടൻ്റുമാരായ ഡോ. കെ രഘു, അനില രാജേന്ദ്രൻ എന്നിവർ ആണ് ജില്ലയിൽ എത്തിയത്.
ഡെപ്യൂട്ടി ഡിഎംഒ ഡോ കെ സി സച്ചിൻ കേന്ദ്ര സംഘവുമായി ചർച്ച നടത്തി. ചൂട് കാലാവസ്ഥയും ചൂട് നിറഞ്ഞ വെള്ളവും പൊതുവെ ഇഷ്ടപ്പെടുന്ന അമീബകൾ നിലവിലെ കാലാവസ്ഥയിൽ പുറത്തുവരുന്ന സാഹചര്യം പ്രത്യേകം വിലയിരുത്തണമെന്ന് സംഘം പറഞ്ഞു.മസ്തിഷ്ക ജ്വരം ബാധിച്ചു മരണമടഞ്ഞ കുട്ടിയുടെ വീട് സന്ദർശിച്ച സംഘം സ്ഥിതിഗതികൾ വിലയിരുത്തി. അമീബിക് മസ്തിഷ്ക ജ്വരത്തിന് എതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളിൽ സംഘം തൃപ്തി രേഖപ്പെടുത്തി.