കണ്ണൂർ :- ദേശീയപാതയിൽ കണ്ണോത്തുംചാലിൽ ടാങ്കർലോറിക്കടിയിൽ കുടുങ്ങിയ വഴിയാത്രക്കാരൻ്റെ ഇരുകാലുകളും തകർന്നു. കരുവഞ്ചാൽ സ്വദേശി ഷാഫി(36)ക്കാണ് ഇടതുകാൽമുട്ടിന് താഴെയും വലതുകാലിൻ്റെ പാദത്തിനും ഗുരുതരമായ പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കുടിവെള്ള ടാങ്കറിന്റെ പിൻചക്രത്തിനടിയിലാണ് ഇദ്ദേഹം കുടുങ്ങിയത്. അടുത്തുള്ള പെട്ടിക്കടയിൽനിന്ന് ശീതളപാനീയം കുടിച്ച ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു.
കണ്ണൂരിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയും നാട്ടുകാരും മറ്റ് വാഹന ഡ്രൈവർമാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഭാരം കുറയ്ക്കാനായി ടാങ്കറിലെ വെള്ളം ഒഴുക്കിക്കളഞ്ഞ്, 50 ടൺ - ഭാരമുയർത്താൻ ശേഷിയുള്ള ജാക്കിയുടെ സഹായത്തോടെ ലോറിയുടെ പിൻഭാഗം ഉയർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുത്ത ഇദ്ദേഹത്തെ നടാലിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
സംഭവത്തെത്തുടർന്ന് ദേശീയ പാതയിൽ കുറച്ചുനേരം ഗതാഗതം സ്തംഭിച്ചു. പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും മുൻകൈയെടുത്താണ് വാഹനഗതാഗതം ക്രമീകരിച്ചത്. സ്റ്റേഷൻ ഓഫീസർ ടി.അജയൻ, ലീഡിങ് അസി.സ്റ്റേഷൻ ഓഫീസർ എം.രാജീവൻ, വൈശാഖ് കെ.ഗോപി, പി.വി മഹേഷ്, എം.രജീഷ്, വി.കെ റസീഫ്, പി.വി മനോജ്, ജോസ്ന, ഹോംഗാർഡ് അനിൽകുമാർ എന്നിവരാണ് അഗ്നിരക്ഷാസംഘത്തിലുണ്ടായിരുന്നത്.