കമ്പിൽ :- ഹോട്ടലിൽ നിന്നുള്ള മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കിവിട്ടതിന് കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. കഴിഞ്ഞ ദിവസം ഹോട്ടലിലെ മലിനജലം ടാങ്കിൽ നിന്നും പൈപ്പ് വഴി ഒഴുക്കി വിട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പൊതുവഴിയിൽ മലിന ജലം ഒഴുക്കി വിട്ടത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രചരിച്ചതിനെ തുടർന്നാണ് ജില്ലാ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ഹോട്ടലിന് പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് 10000 രൂപ പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.
നിലവിൽ ഉപയോഗിക്കുന്ന ടാങ്കിന് തകരാർ വന്നതിനെ തുടർന്ന് മലിനജലം പഴയ ടാങ്കിലേക്ക് ഒഴുക്കി വിടുന്നതിനിടെ പഴയ പൈപ്പ് ലീക്കായത് കാരണമാണ് അബദ്ധത്തിൽ മലിനജലം പുറത്തേക്ക് ഒഴുകിയതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, സ്ക്വാഡ് അംഗം ഷെരികുൽ അൻസാർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത കെ.വി, സെറിൽ കുമാർ.സി എന്നിവർ പങ്കെടുത്തു.