ശ്രീകണ്ഠപുരം :- പ്ലാസ്റ്റിക്മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയ സ്വർണമാല നഗരസഭാധ്യക്ഷയെ ഏൽപ്പിച്ച് ശ്രീകണ്ഠപുരം നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾ. വയക്കര വാർഡിലെ ഹരിതകർമസേനാംഗ ങ്ങളായ ഉഷ, സതി, രുക്മിണി. യശോദ, കാർത്യായനി, ഓമന എന്നിവർ ബുധനാഴ്ച വൈകീട്ട് പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെയാണ് മാല കിട്ടിയത്.
ഉടനെ വാർഡ് കൗൺസിലർ നിഷിതാ റഹ്മാനെ വിവരമറിയിച്ചു. വ്യാഴാഴ്ച രാവിലെ കൗൺസിലറുടെയും ഹരിതകർമസേന സെക്രട്ടറി ഷീജയുടെയും നേതൃത്വത്തിൽ നഗരസഭയിൽ നേരിട്ടെത്തി നഗരസഭാധ്യക്ഷ ഡോ. കെ.വി ഫിലോമിനയ്ക്ക് മാല കൈമാറി. വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നാണ് മാല കിട്ടിയത്. രണ്ടര പവനിലധികം തൂക്കമുണ്ട്. മാലയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നഗരസഭ ആരംഭിച്ചു.