പഠിച്ചിട്ടും പഠിക്കാത്ത മലയാളികൾ ; ജില്ലയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നിരവധിപ്പേർക്ക് പണം നഷ്ടമായി


കണ്ണൂർ :- സമൂഹമാധ്യമങ്ങളിലൂടെ ഓൺലൈൻ തട്ടിപ്പുകളിൽ ജില്ലയിൽ നിരവധിപേർക്ക് പണം നഷ്ടമായി. ഓഹരി വ്യാപാരം നടത്തി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽനിന്നും എട്ട് ലക്ഷത്തിലധികം രൂപ തട്ടി. വിവിധ പരാതികളിലായി കണ്ണൂർ സിറ്റി സൈബർ പൊലീസ് കേസെടുത്തു. വാട്‌സാപ്പ് വഴി പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ സിറ്റി സ്വദേശിയിൽ നിന്ന് 2,92,500 രൂപയാണ് തട്ടിയത്. വാട്സാപ്പ് വഴി പാർട് ടൈം ജോലിക്കായി പ്രതികളുടെ നിർദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനംചെയ്ത ലാഭമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു. 

സമാനരീതിയിൽ മയ്യിൽ സ്വദേശിക്ക് 1,69,900 രൂപയും മട്ടന്നൂർ സ്വദേശിക്ക് 40,600 രൂപയും നഷ്ടമായി. മരുന്ന് വിതരണം ചെയ്യുന്ന വളപട്ടണം സ്വദേശിക്ക് 1,35,030 രൂപ നഷ്ട‌മായി. ഇയാളെ മരന്ന് നൽകാമെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുകയായിരുന്നു. ഫേസ്ബുക്കിൽ വീടും സ്ഥലവും ലോൺ മുഖേന ലഭിക്കുമെന്ന പരസ്യം കണ്ട് ടെലഗ്രാം വഴി ലഭിച്ച അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച കതിരൂർ സ്വദേശിക്ക് 1,11,111 രൂപ നഷ്ടമായി. വാട്‌സാപ്പിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത വളപട്ടണം സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് 25,000 രൂപ നഷ്ടമായി. ഫ്ലിപ്പ് കാർട്ടിൽ വസ്ത്രം ഓർഡർ ചെയ്ത കണ്ണപുരം സ്വദേശിയിൽനിന്ന് ഡെലിവറി ചാർജ് നൽകാനുള്ള ക്യൂആർ കോഡ് അയച്ചുനൽകി 6,487 രൂപ തട്ടിയെടുത്തു. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയ വളപട്ടണം സ്വദേശിക്ക് 5,500 രൂപ നഷ്‌ടമായി. നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ തട്ടിപ്പുകളിൽപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. Cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

Previous Post Next Post