കണ്ണൂർ :- ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്‌ഥലങ്ങളായി നിലനിർത്തുന്ന ഹരിത ടൂറിസം പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ 8 കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു. പുല്ലുപ്പിക്കടവ് (നാറാത്ത് പഞ്ചായത്ത്), ചാൽ ബീച്ച് (അഴീക്കോട് പഞ്ചായത്ത്), വയലപ്ര (ചെറുതാഴം പഞ്ചായത്ത്), ജബ്ബാർകടവ് (പായം പഞ്ചായത്ത്), പാലുകാച്ചി മല (കേളകം പഞ്ചായത്ത് ), പാലുകാച്ചിപ്പാറ (മാലൂർ പഞ്ചായത്ത്), ഏലപീടിക (കണിച്ചാർ), ഏഴരക്കുണ്ട് വെള്ളച്ചാട്ടം (എരുവേശ്ശി) എന്നിവയാണ് ആദ്യഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെടുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായാണ് ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റുന്നത്. പായം പഞ്ചായത്തിലെ പെരുമ്പറമ്പ് ഇക്കോ പാർക്ക് ഇക്കഴിഞ്ഞ രണ്ടിന് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ്, ഹരിത കേരളം മിഷൻ ശുചിത്വ മിഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണത്തിന് സ്‌ഥിരം സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള ലഭ്യത, ജല സ്രോതസ്സുകളുടെ സംരക്ഷണം, ഊർജ സംരക്ഷണത്തിന് സംവിധാനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്ര പദവി സമ്മാനിക്കുന്നത്.