ADMൻ്റെ ആത്മഹത്യയിൽ കലക്ടർക്കെതിരായ ആരോപണം കനക്കുന്നു, കലക്ടർ നുണ പറയുന്നതായി നവീന്റെ ഭാര്യ, പ്രതിഷേധം ശക്തമാക്കാൻ ഉറച്ച് പ്രതിപക്ഷ സംഘടനകൾ


കണ്ണൂർ: - 
കണ്ണൂർ:കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തിന് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ നൽകി മൊഴി രാഷ്ട്രീയവിവാദമാകുന്നു. വിവാദങ്ങൾക്ക് ചൂടുപിടിക്കുമ്പോഴും എന്നാൽ താൻ നൽകിയ മൊഴിയിലുറച്ച് തന്നെ നിൽക്കുകയാണ്കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ.

യാത്രയയപ്പ് പരിപാടിക്ക് ശേഷം, തെറ്റ് പറ്റിയെന്ന് നവീൻ ബാബു തൻ്റെ ഓഫിസ് മുറിയിൽ വന്ന് പറഞ്ഞിരുന്നുവെന്നാണ് കലക്ടറുടെ മൊഴി.തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കലക്ടറുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് കലക്ടറുടെ മൊഴിയിലെ പ്രധാന പരാമർശം. മൊഴി കോടതിമുഖവിലക്കെടുത്തില്ലെങ്കിലും നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് കലക്ടർ.

കലക്ടറുടെ മൊഴി പ്രകാരം കൈക്കൂലി വാങ്ങിയെന്ന് അർത്ഥമില്ലെന്നായിരുന്നു കേസിലെ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജി തള്ളിയതിനു ശേഷം തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നിസാർ മുഹമ്മദ് നിരീക്ഷിച്ചത്. ഇതിനിടെ കലക്ടറുടെ മൊഴിക്കെതിരെ കോൺഗ്രസും മുസ്ലിം ലീഗും രംഗത്തുവന്നിട്ടുണ്ട്.

അതേ സമയം എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

കണ്ണൂർ കലക്‌ടറുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്ന ആളാണ് കലക്‌ടർ. കലക്‌ടറോട് നവീൻ ബാബുവിന് ഒരു ആത്മബന്ധവുമില്ലെന്നും മഞ്ജുഷ മാധ്യമങ്ങളോടു പറഞ്ഞു.

  അതിനിടെ അന്വേഷണസംഘം ഇന്നും യോഗം ചേരും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിലും കസ്‌റ്റഡി അപേക്ഷ നൽകുന്നതിനും യോഗ ശേഷം മാത്രമാണ് തീരുമാനമുണ്ടാവുക. ജില്ലാ കളക്ടർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ നീക്കം.


Previous Post Next Post