ചെന്നൈ :- ദീപാവലിയോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ തീവണ്ടികളിലെ തത്കാൽ ടിക്കറ്റുകൾ അതിവേഗം തീർന്നു. ചെന്നൈ യിൽനിന്ന് കേരളത്തിലേക്ക് ബുധനാഴ്ച പുറപ്പെടുന്ന തീവണ്ടികളിലെ ടിക്കറ്റ് റിസർവേഷൻ മിനിറ്റുകൾക്കുള്ളിലാണ് അവസാനിച്ചത്. പ്രീമിയം തത്കാൽ ടിക്കറ്റുകളും വേഗത്തിൽത്തീർന്നു. ഇതോടെ സ്വകാര്യ ബസ് സർവീസുകളിൽ ടിക്കറ്റ് ബുക്കിങ് വർധിച്ചു. ഇരട്ടിയി ലേറെ നിരക്കാണ് ബസുകളിൽ ഈടാക്കുന്നത്. ദീപാവലി പ്രമാണിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തമിഴ്നാട്ടിൽ
സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും അവധിയാണ്. ശനി,ഞായർ ദിവസങ്ങൾ കൂടിയാകുന്നതോടെ നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും. അതുകൊണ്ടുതന്നെ ബുധനാഴ്ച വൈകീട്ട് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിൽ ടിക്കറ്റെടുക്കാനും തിരക്കേറി. ചൊവ്വാഴ്ച രാവിലെ 10-ന് എ.സി ടിക്കറ്റിനുള്ള തത്കാൽ റിസർവേഷൻ ആരംഭിച്ചപ്പോൾ തിരക്കിനെ തുടർന്ന് കുറേ നേരം ഐ.ആർ. സി.ടി.സി വെബ്സൈറ്റ് നിശ്ചലമായി. പിന്നീട് ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം ടിക്കറ്റുകൾ വിറ്റു തീരുകയായിരുന്നു.