തളിപ്പറമ്പ് :- തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്ത ( ഹെപ്പറ്റൈറ്റിസ് എ) രോഗം വ്യാപിക്കുന്നു. ഹെപ്പറ്റൈറ്റിസ്-എ ബാധിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചതിനെ തുടർന്ന് ഈ മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ഒൻപതാം വാർഡ് ഹിദായത്ത് നഗറിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സഹോദരങ്ങളാണ് മരിച്ചത്. ഹിദായത്ത് നഗർ റഷീദാസിലെ എം.സാഹിർ (39), എം.അൻവർ (44) എന്നിവരാണ് മരിച്ചത്. രണ്ട് പേരും കോഴിക്കോട് സ്വകാര്യ ആസ്പപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് ഫാറ്റിലിവർ പോലെയുള്ള അനുബന്ധ അസുഖങ്ങൾ ഉണ്ടായിരുന്നതാണ് മരണകാരണമായതെന്നാണ് അനുമാനിക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു. ഡോ. അനീറ്റ കെ. ജോസി, ഡോ. ലത, ഡോ. അഷ്റഫ്, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ, എപ്പിഡമോ ളോളജിസ്റ്റ് അഭിലാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
രോഗത്തിന്റെ ഉറവിടം
തളിപ്പറമ്പ് മുനിസിപ്പാലിറ്റി യിലെ കോർട്ട് റോഡ് ഷോപ്പിങ് കോംപ്ലക്സിലാണ് രോഗത്തിന്റെ ഉറവിടമെന്നാണ് വൈദ്യസംഘം മനസ്സിലാക്കുന്നത്. ഇവിടത്തെ ടെക്സ്റ്റൈൽ ഷോപ്പ്, ട്യൂഷൻ സെൻ്റർ, ഷോപ്പിങ് കോംപ്ലക്സിലെ മറ്റു കടകളിലെ ജീവനക്കാർ, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇവിടേക്ക് പൊതുവായി വെള്ളം എടുക്കുന്ന കിണറിൽ ഇ. കോളി ബാക്ടീരിയ സാന്നിധ്യം പിന്നീട് ആരോഗ്യവകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തി. ഇത് വെള്ളത്തിൽ മലം കലർന്നത് സൂചിപ്പിക്കുന്നു. ഇപ്രകാരം മലം കലർന്നിട്ടുണ്ട് എങ്കിൽ അതിൽ ഹെപ്പറ്റൈറ്റിസ് വൈറസ് ഉണ്ടായിരുന്നിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. പിന്നീട് ഈ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ മറ്റു കുട്ടികൾ അവരുടെ വീട്ടുകാർ എന്നിവർക്ക് അസുഖം വരുന്ന സാഹചര്യമുണ്ടായി. ഷോപ്പിങ് കോംപ്ലക്സിൽ നിന്നും അസുഖം പകർന്നു കിട്ടിയ മറ്റു രോഗികളുടെ വീടുകളി ലും ഈ അസുഖം പകരുന്ന സാഹചര്യമുണ്ടായി. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. രോഗി നന്നായി വിശ്രമിക്കുകയും വേണം.
എന്താണ് ഹെപ്പറ്റൈറ്റിസ് എ
മലിനമായ വെള്ളം കുടിക്കുകയോ പാചകം ചെയ്യാൻ ഉപയോഗിക്കുകയോ ചെയ്യുന്നത് വഴി പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ). വൈറസ് പരത്തുന്ന രോഗമാണിത്. രോഗികളുടെ മലത്തിലൂടെയാണ് വൈറസ് പുറത്തേക്ക് വരുന്നത്. ഈ മലം കുടിവെള്ളവുമായി കലരുകയും ആ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുന്നതും വഴി വൈറസ് മറ്റുള്ളവരുടെ ശരീരത്തിൽ എത്തു ന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 21 ദിവസം മുതൽ 45 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. രോഗലക്ഷണങ്ങൾ കാണുന്നതിന് ഒരാഴ്ച മുന്നേ തന്നെ അയാളുടെ മലത്തിലൂടെ വൈറസ് പുറത്തു പോകാൻ ആരംഭിക്കും. ഇത് രോഗലക്ഷണങ്ങൾ ആരംഭിച്ച് മൂന്നാഴ്ച വരെ തുടരും.
ലക്ഷണങ്ങൾ : തുടക്കത്തിൽ ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി. പിന്നീട് ശരീരത്തിലെ ബിലുറബിൻ അളവ് വർധിക്കുന്നു. കണ്ണിൻ്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം വരുന്നു. ഇതോടൊപ്പം ഛർദി, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം. മഞ്ഞപ്പിത്തം കൂടുന്തോറും കരളിലെ എൻസൈമുകളും വർധിക്കും. മഞ്ഞപ്പിത്തം മാരമകമായാൽ അത് തലച്ചോറിന്റെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കാം. ഇത് മരണകാരണമായിത്തീരാം.
തടയാനുള്ള മാർഗങ്ങൾ
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.
* ജ്യൂസ് മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കാൻ വ്യവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ഉപയോഗിക്കരുത്. പലപ്പോഴും ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം തിളപ്പിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ജ്യൂസ്, പാർട്ടികളിലെ വെൽക്കം ഡ്രിങ്ക് പോലെയുള്ളവയിൽ നിന്നും പെട്ടെന്ന് അസുഖം പടർന്നു പിടിക്കുന്നത്
* തിളപ്പിച്ചാറ്റിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം ഫ്രിഡ്ജിൽ തണുപ്പിക്കാൻ വെക്കുക
* ജലസ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യുക *രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ പങ്കിടാതിരിക്കുക.
* ടോയ്ലറ്റിൽ പോയതിന് ശേഷം കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. ടോയ്ലറ്റ് വൃത്തിയായി അണുനാശിനി ഉപയോഗിച്ചു കഴുകി സൂക്ഷിക്കുക
* മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിക്കുന്നവർ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൂന്നാഴ്ചത്തേക്ക് അകന്ന് നിൽക്കുക.