1510 വാർഡുകൾ കൂടും ; വാർഡ് വിഭജനത്തിനുള്ള കരട് വിജ്ഞാപനം ഇറങ്ങി



തിരുവനന്തപുരം :-  സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകൾ വിഭജിച്ചു കൊണ്ടുള്ള സംസ്‌ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ കരട് വിജ്ഞാപനം ഇറങ്ങി. വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും ആണ് വിജ്ഞാപനത്തിൽ. 1510 വാർഡുകൾ കൂടും. 6 കോർപറേഷനുകളിൽ കൊച്ചിയിൽ രണ്ടും മറ്റിടങ്ങളിൽ ഒന്നു വീതവും വാർഡുകളാണു വർധിക്കുന്നത്. 79 നഗരസഭകളിലായി 128 വാർഡുകളും 886 ഗ്രാമപ്പഞ്ചായത്തുകളിലായി 1375 വാർഡുകളും വർധിക്കും. 55 ഗ്രാമപ്പഞ്ചായത്തുകളിലും 8 നഗരസഭകളിലും വാർഡുകൾ കൂടിയിട്ടില്ല. ഇടുക്കി ജില്ലയിലെ മൂന്നാർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലായി ഓരോ വാർഡ് കുറഞ്ഞിട്ടുണ്ട്. വാർഡുകളുടെ എണ്ണത്തിൽ വരുത്തിയ മാറ്റം, തദ്ദേശ സ്‌ഥാപനങ്ങളിലെ 2011ലെ ജനസംഖ്യ എന്നിവയാണ് വിഭജനത്തിന്റെ അടിസ്ഥാനം.

വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലെ ജനസംഖ്യ ഏറക്കുറെ ഒരു പോലെ ക്രമീകരിക്കുന്നതിനായി അതിർത്തികൾ മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും നഗരസഭയിലും കൂടുന്നതും കുറയുന്നതുമായ വാർഡുകളുടെ എണ്ണം സർക്കാരാണു നിശ്ചയിച്ചു നൽകിയത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തയാറാക്കിയ വാർഡ് വിഭജന റിപ്പോർട്ടുകൾ ജില്ലാ കലക്ടർമാരും ഡീലിമിറ്റേഷൻ കമ്മിഷനും പരിശോധിച്ച ശേഷമാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. ഇൻഫർമേഷൻ കേരള മിഷൻ സാങ്കേതിക സഹായം നൽകി പരിഷ്‌കരിച്ച ക്യൂ ഫീൽഡ് ആപ്പിന്റെ സഹായത്തോടെയായിരുന്നു ഇത്തവണ വാർഡ് വിഭജനമെന്നതാണു സവിശേഷത. സാങ്കേതിക പ്രയാസങ്ങൾ കാരണം ഇവ കമ്മിഷൻ വെബ്സൈറ്റിൽ ഇന്നലെ രാത്രി ഏറെ വൈകിയാണ് അ‌പ്ലോഡ് ചെയ്തത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുക ളുടെ ഡിവിഷൻ (വാർഡ്) വിഭജനം ഇനി അടുത്ത 2 ഘട്ടങ്ങളിലായി നടക്കും. ഇവയിലായി 202 ഡിവിഷനുകളാണു വർധിക്കുക. 2025 ലെ പൊതുതിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്ത മട്ടന്നൂർ നഗരസഭയിലെ വാർഡുകളും വിഭജിച്ചിട്ടുണ്ട്.

Previous Post Next Post