ഉയർന്ന വില, മോശം നിലവാരം ; വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തിത്തെകുറിച്ച് വ്യാപക പരാതി ഉയരുന്നു


തിരുവനന്തപുരം :- വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെപ്പറ്റി വ്യാപക പരാതി. ഉയർന്ന വില, മോശം നിലവാരം, സൗജന്യമെന്ന മട്ടിൽ വിതരണം ചെയ്ത ശേഷം വില ഈടാക്കൽ തുടങ്ങി പല രീതിയിലാണ് യാത്രക്കാർക്കു ദുരിതം. കഴിഞ്ഞ ദിവസം തിരുനെൽവേലി ചെന്നൈ ട്രെയിനിൽ യാത്രക്കാരന് ലഭിച്ച സാമ്പാറിൽ പ്രാണികളെ കണ്ടതാണ് ദയനീയ നിലവാരത്തിന്റെ ഒടുവിലത്തെ ഉദാഹരണം. വെജിറ്റേറിയൻ വിഭാഗത്തിൽ ചോറ്, ചപ്പാത്തി, പരിപ്പ്, കുറുമ, നോൺ വെജ് വിഭാഗത്തിൽ ചോറ്, ചപ്പാത്തി, ചിക്കൻ, തൈര്, അച്ചാർ എന്നിങ്ങനെയാണ് നൽകുന്നത്. രാത്രി ഭക്ഷണത്തിന് 257 രൂപയാണു തിരുവനന്തപുരം- മംഗളുരു വന്ദേഭാരതിൽ ചെയർ കാറിലെ ചാർജ് . കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരതിൽ 242 രൂപയും. കണ്ണൂർ-തിരുവനന്തപുരം യാത്രയ്ക്കു 1422 രൂപയാണു ടിക്കറ്റ് നിരക്ക്.

കാസർഗോഡ് -തിരുവനന്തപുരം ട്രെയിനിൽ ഭക്ഷണത്തിനു പിന്നാലെ സൗജന്യമെന്നു തോന്നും വിധം ചായയും ലഘുഭക്ഷണവും വിതരണം ചെയ്ത് പണം ഈടാക്കിയ അനുഭവം യാത്രക്കാരനായ അഡ്വ. പി.കെ ശങ്കരൻകുട്ടി പങ്കുവച്ചു. ഇതിൻ്റെ വില ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്ന ധാരണയിലാണു പലരും വാങ്ങിയത്. പിന്നാലെ പണം വാങ്ങാൻ ആളെ ത്തിയപ്പൊഴാണ് കബളിപ്പിക്കപ്പെട്ടുവെന്നു യാത്രക്കാർ തിരിച്ചറിഞ്ഞത്. 'സ്വന്തം നിലയ്ക്ക് തങ്ങൾ വിൽക്കുന്നു 'വെന്നാണ് പരാതിപ്പെട്ടവരോടു കാറ്ററിങ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേരളത്തിനുള്ളിൽ മാത്രം സർവീസ് നടത്തുന്ന ട്രെയിനിൽ ഉത്തരേന്ത്യൻ ഭക്ഷണം നൽകുന്നതിലും പ്രതിഷേധമുണ്ട്. ഗ്രേവി അധികമുള്ള വിഭവങ്ങൾ യാത്രയിൽ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post