കണ്ണൂർ :- അഞ്ഞൂറിലേറെ കവർച്ച, 219 കേസുകളിൽ ശിക്ഷ, വിവിധ ജയിലുകളിലായി 34 വർഷത്തെ ജയിൽവാസം. പുറത്തിറങ്ങിയെങ്കിലും 'മോഷണത്തൊഴിൽ' മറന്നിട്ടില്ല. തളാപ്പിലെ സി.എസ്.ഐ പള്ളിയിലെ മോഷണത്തിൽ പിടിയിലായി വീണ്ടും ജയിലിലേക്ക്. തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡിൽ അരയാം കൊല്ലം വീട്ടിൽ എ.കെ സിദ്ദിഖ് (60) ആണ് അറസ്റ്റിലായത്. 17- ന് പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റിന് സമീപത്തെ റജിന സുരേഷിൻ്റെ വീട്ടിലെ വരാന്തയിൽ വെച്ചിരുന്ന 17,000 രൂപയോളം വിലവരുന്ന സൈക്കിൾ മോഷ്ടിച്ച് അതിൽ കറങ്ങിയാണ് മോഷണം. പള്ളിയുടെ ഓഫീസ് മുറിയിൽ കയറി സി.സി.ടി.വി യുടെ ഡി.വി.ആർ, പോർട്ടബിൾ സ്പീക്കർ എന്നിവയാണ് മോഷ്ടിച്ചത്.
ഞായറാഴ്ചകളിൽ മാത്രം തുറക്കാറുള്ള പള്ളിയിൽ വികാരി ഫാ. ഡി.ജോയ് അലക്സ് എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പള്ളിയിലെയും പരിസരത്തെയും സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് വലയിലായത്. ശനിയാഴ്ച പുലർച്ചെ 1.30- ഓടെ, മോഷ്ടിച്ച സൈക്കിളിൽ മാസ്സ് ധരിച്ചാണ് മോഷണത്തിനെത്തിയത്. മോഷണത്തിനുശേഷം സാധനങ്ങളുമായി സൈക്കിളിൽ പോകുന്ന ദൃശ്യവും ലഭിച്ചിരുന്നു. മോഷ്ടിച്ച സാധനങ്ങളും സൈക്കിളും പ്രതിയിൽ നിന്ന് കണ്ടെടുത്തു. എസ്.ഐ സവ സാചി, നാസർ, സൂരജ്, ഷിനോജ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോട തിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..