കൊച്ചി :- നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ഇല്ലാതെ പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, പ്ലാസ്റ്റിക് കവർ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഓൺലൈൻ ഫീഡ് ബാക്ക് സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി.
ചട്ട പ്രകാരം രജിസ്ട്രേഷൻ എടുക്കാത്തവർ പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, പ്ലാസ്റ്റിക് കവർ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി സുധാകരൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമലംഘനം റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്കു സംവിധാനം ഉണ്ടെങ്കിൽ മലിനീകരണ നിയന്ത്രണബോർഡിനു നടപടി എളുപ്പമാകുമെന്നും ഇതിന് എത്രസമയം വേണ്ടി വരുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി നവംബർ 11-നു വീണ്ടും പരിഗണിക്കും.