പുതിയതെരു :- പുതിയതെരുവിൽ ഓടുമേഞ്ഞ പഴയ കെട്ടിടത്തിനു മുകളിലുള്ള പാമ്പുകളെ കണ്ടെത്താൻ രാത്രി മണിക്കുറുകളോളം നീണ്ട തിരച്ചിൽ. നഗരമധ്യത്തിൽ ദേശീയപാതയോരത്തെ കെട്ടിടത്തിന്റെ മേൽക്കുരയിലാണ് രണ്ടു പാമ്പുകളെ കണ്ടതായി പറയുന്നത്. അഗ്നിശമനസേനാ സംഘവും പാമ്പുപിടിത്ത വിദഗ്‌ധരും രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. റോഡരികിൽ ഒട്ടേറെ നാട്ടുകാരും തടിച്ചു കൂടിയതോടെ ഗതാഗത തടസ്സത്തിനും ഇടയാക്കി. രാത്രി 8 മണിക്കാണ് പാമ്പിനെ ശ്രദ്ധയിൽപെട്ടത്.
വൻ പോലീസ് സംഘവും സ്‌ഥലത്തെത്തിയിരുന്നു. ഇതിനിടെ വഴി യാത്രക്കാരനായ ഒരാൾ മേൽക്കുരയ്ക്ക് മുകളിൽ കയറി പാമ്പിനെ പിടികൂടാൻ ശ്രമം നടത്തിയത് ഭീതി പരത്തി. ഇയാളെ ഏറെ സാഹസപ്പെട്ടാണ് താഴെ ഇറക്കാനായത്. കെട്ടിടത്തിൻ്റെ എതിർവശത്തെ റോഡരികിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകുടിയിരുന്നത്. കാഴ്ച കാണാൻ വാഹനങ്ങളും വേഗം കുറയ്ക്കുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. പാമ്പിനെ കാണാതായതോടെ 11ഓടെ അഗ്നിശമനസേനാ സംഘം മടങ്ങി. തുടർന്നും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടർന്നു.