'സീ പ്ലെയിൻ പദ്ധതി താത്കാലിമായി നിർത്തിവയ്ക്കണം, ആശങ്ക പരിഹരിക്കണം'; സിഐടിയു അടക്കം പങ്കെടുത്ത യോഗത്തിൽ ആവശ്യം


ആലപ്പുഴ:- 
സീ പ്ലെയിൻ പദ്ധതി താത്കാലിമായി നിർത്തിവയ്ക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. 
സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സർക്കാർ ചർച്ച ചെയ്യണം. ചർച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സിഐടിയു, എഐടിയുസി നേതാക്കൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്.

പദ്ധതി ഉപേക്ഷിക്കാൻ പറഞ്ഞിട്ടില്ലെന്നും ചർച്ച വേണമെന്നാണ് ആവശ്യമെന്നും കമ്മിറ്റി അംഗങ്ങൾ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകും. സീ പ്ലെയിൻ പദ്ധതിക്കെതിരെ മുമ്പ് സമരം നടത്തിയത് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു. പി പി ചിത്തരഞ്ചൻ, ടി എൻ പ്രതാപൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, കായലില്‍ സീ പ്ലെയിൻ ഉപയോഗിക്കുന്ന ഘട്ടം വന്നാല്‍ ആദ്യം ചര്‍ച്ച ചെയ്യുക മത്സ്യ തൊഴിലാളികളുമായിട്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഡാമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഡാമുകൾ കേന്ദ്രീകരിച്ച് സീപ്ലെയിൻ ഇറങ്ങുന്നതിന് ആരും എതിരല്ല. ഒരു തരത്തിലും ആര്‍ക്കും പ്രയാസമുണ്ടാകുന്ന സ്ഥിതിയുമില്ല.

ഏതെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിന് ചര്‍ച്ചയ്ക്ക് തയാറാണെന്നും റിയാസ് പറഞ്ഞു. മത്സ്യ തൊഴിലാളികൾ മുന്നോട്ട് വച്ച ആശങ്ക ശരിയാണ്. യുഡിഎഫിന്‍റെ കാലത്ത് പദ്ധതി യഥാര്‍ത്ഥ്യമാകാത്തിന് കാരണങ്ങൾ പലതുണ്ട്. അവര്‍ ഒരു തരത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആരെയും ബുദ്ധിമുട്ടിലാക്കാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. 

Previous Post Next Post