ജിദ്ദ :- പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന മുന്നറിയിപ്പുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. വൻതുക ഈടാക്കുന്ന ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് കോൺസുലേറ്റ് പുറത്തിറക്കിയിരിക്കുന്ന നിർദേശം. ദുബായിൽ നിന്നും പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡങ്ങളും ഇന്ത്യൻ കോൺസുലേറ്റ് ശക്തമാക്കി. വ്യക്തതയില്ലാത്ത മുന്നറിയിപ്പിനെതിരെ സാമൂഹ്യപ്രവർത്തകരിൽ പ്രതിഷേധം ശക്തമാണ്.
മൃതദേഹം നാട്ടിലേക്കയക്കുന്നതിന്റെ പേരിൽ വൻതുക ബന്ധുക്കളിൽ നിന്ന് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ് സന്ദേശം. മരിച്ചവരുടെ ബന്ധുക്കൾക്ക് എല്ലാ സഹായവും നൽകാൻ കോൺസുലേറ്റ് സജ്ജരാണെന്നും, ഇതിന് ചുമതലപ്പെടുത്തിയ കമ്മ്യൂണിറ്റി കൂട്ടായ്മകളുണ്ടെന്നും കൂടി മുന്നറിയിപ്പിലുണ്ട്. മൃതദേഹങ്ങളുടെ പേരിൽ പണമീടാക്കുന്നത് തടയാനാണ് സന്ദേശം. അതേസമയം, മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിൽ സജീവമായ വ്യക്തികളും സാമൂഹ്യപ്രവർത്തകരും ദുബായിലുൾപ്പടെയുണ്ട്. ഇവരുടേതുൾപ്പടെ സേവനം തുടരുമ്പോഴാണ് ഈ മുന്നറിയിപ്പെന്നതാണ് ശ്രദ്ധേയം. വ്യക്തതയുള്ള വിവരങ്ങൾ കോൺസുലേറ്റ് നൽകിയിട്ടുമില്ല. ഇത്തരം ക്രമക്കേടുകൾ തടയാൻ കോൺസുലേറ്റ് മാനദണ്ഡങ്ങൾ ശക്തമാക്കിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. അതു പ്രകാരം സാമൂഹ്യ പ്രവർത്തകർക്ക് മൃതദേഹം വിട്ടു നൽകുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.