കണ്ണൂർ :- ജില്ലയിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്‌ഡിങ് കേന്ദ്രം ധർമടം ബീച്ച് ടൂറിസം സെൻ്ററിൽ ഒരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ഒരുക്കുന്നത്. ധർമടം ടൂറിസം സെന്ററിൽ വെഡ്‌ഡിങ് കേന്ദ്രത്തിനുള്ള എല്ലാ സൗകര്യവും ഉണ്ടെന്ന വിലയിരുത്തലിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് സംസ്ഥാന ടൂറിസം വകുപ്പിനു പദ്ധതി രേഖ സമർപ്പിച്ചത്. അനുമതി ലഭിച്ചതിനെ തുടർന്ന്, ടൂറിസം സാധ്യതകൾ മുഴുവൻ പരമാവധി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തി വരുന്ന കല്യാണ ചടങ്ങുകൾക്കു പകരം ഡെസ്‌റ്റിനേഷൻ വെഡ്‌ഡിങ് മുൻകൂർ ആയി ബുക്ക്ചെയ്‌ത് ലോകത്തെവിടെ നിന്നുള്ളവർക്കും ഇവിടെയെത്തി വിവാഹം കഴിക്കാം. വരന്റെയും വധുവിന്റെയും ക്ഷണിക്കപ്പെട്ട അതിഥികളെ ഉൾപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രത്തിൽ ഒത്തുകൂടി അവിടത്തെ റിസോർട്ടിൽ വിവാഹ ചടങ്ങുകൾ നടത്തുന്നതാണ് ഡെസ്റ്റി നേഷൻ വെഡ്‌ഡിങ്. 2 മുതൽ 4 ദിവസം വരെ നീളുന്ന പാക്കേജ് ആയി വിവാഹം നടത്താനാകും.
സ്‌ഥല സൗകര്യം, യാത്രാ സൗകര്യം, താമസ സൗകര്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഇത്തരം വിവാഹങ്ങൾക്ക് വേദി തിരഞ്ഞെടുക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളാണ് ഡെസ്‌റ്റിനേഷൻ വിവാഹങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. വയനാട്, മൂന്നാർ എന്നിവിടങ്ങളിലും ഇത്തരത്തിൽ വിവാഹം നടക്കുന്നുണ്ട്. കുമരകത്തും ആലപ്പുഴയിലും ഡെസ്‌റ്റിനേഷൻ വെഡ്‌ഡിങ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്‌റ്റിനേഷൻ വെഡ്‌ഡിങ് കേന്ദ്രം കോവളത്താണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ധർമടത്തും ഡെസ്‌റ്റി നേഷൻ വെഡ്‌ഡിങ് കേന്ദ്രം തുറക്കുന്നത്. പയ്യാമ്പലം ഗെസ്‌റ്റ് ഹൗസ് പാത്ത് വേ, പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, ധർമടം തുരുത്ത്, ചൂട്ടാട് ബീച്ച്, പാലക്കയം തട്ട് എന്നിവിടങ്ങൾ വെഡ്‌ഡിങ് ഷൂട്ടിങ്ങിന് അനുയോജ്യമാണ്. ഇവിടങ്ങളിൽ സെറ്റ് ഇട്ട് ഷൂട്ടിങ് നടത്തുകയുമാകാം.