സ്വകാര്യ ബസുകൾക്ക് ഇനി ദൂര പരിധിയില്ല ; മോട്ടർ വാഹന സ്കീമിലെ വ്യവസ്ഥ‌ റദ്ദാക്കി ഹൈക്കോടതി


കൊച്ചി :- സ്വകാര്യ ബസുകൾക്കു 140 കിലോ മീറ്ററിൽ കൂടിയ ദൂരത്തിനു പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന പുതിയ മോട്ടർ വാഹന സ്കീമിലെ വ്യവസ്ഥ‌ ഹൈക്കോടതി റദ്ദാക്കി. സ്കീം അന്തിമമാക്കിയ നടപടിക്രമത്തിൽ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ഇടപെടൽ. 2023 മേയ് 3നു സർക്കാർ അംഗീകാരം നൽകിയ സ്ക‌ീമിലെ വ്യവസ്‌ഥ ചോദ്യം ചെയ്ത്, ദീർഘദൂര സർവീസുകാരായ സ്വകാര്യ ബസ് ഉടമകൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ നടപടി. 

2020 സെപ്റ്റംബർ 14നാണു സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്. നിയമ വ്യവസ്ഥ അനുസരിച്ച്  കരടിന്റെ പുറത്ത് കക്ഷികളുടെ അഭിപ്രായം കേട്ടെങ്കിലും ഇതൊന്നും പ്രതിപാദിക്കുകയോ നടപടിക്രമങ്ങൾ രേഖപ്പെടുത്തുകയോ ചെയ്യാതെ അന്തിമ ഉത്തരവിറക്കിയത് അപാകതയാണെന്നു കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കു 140 കിലോമീറ്ററിനപ്പുറം സർവീസ് അനുവദിക്കേണ്ടതില്ലെന്നു ഗതാഗത വകുപ്പ് തീരുമാനമെടുത്തതോടെ ദീർഘദൂര സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായിരുന്നു.

2017 മുതൽ ഇതു സംബന്ധിച്ചു സർക്കാരിന്റെ നിയന്ത്രണങ്ങളും തർക്കങ്ങളും കേസുകളുമുണ്ട്. 140 കിലോമീറ്ററിലേറെ ദൂരമുള്ള റൂട്ടിൽ 'സേവ്ഡ് പെർമിറ്റ്' (ഒറിജിനൽ സ്കീം വന്ന 2009നു മുൻപുള്ള പെർമിറ്റ്) ഉള്ളവർക്കു പോലും പെർമിറ്റ് പുതുക്കാൻ കഴിയാത്തതിലായിരുന്നു പ്രധാന ആക്ഷേപം. ബസുടമകൾ നൽകിയ ആദ്യ ഘട്ട ഹർജിയിൽ സിംഗിൾ ബെഞ്ച് ഇടപെടുകയും ദീർഘ ദൂര സർവീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഇതേ വ്യവസ്ഥ ഉൾപ്പെടുത്തി സർക്കാർ പിന്നീട് ഇറക്കിയ ഉത്തരവും നിയമക്കുരുക്കിലായി. ഇതിനെതിരെ ഹർജി നിലവിലിരിക്കെ തന്നെ, 2020 സെപ്റ്റംബറിൽ പുതിയ മോട്ടർ വാഹന സ്കീമിന്റെ കരട് സർക്കാർ പ്രസിദ്ധപ്പെടുത്തി. ഇതിന്മേൽ സർക്കാർ പുറപ്പെടുവിച്ച അന്തിമ ഉത്തരവാണു നിലവിലുള്ള കേസിന് ആധാരം.

Previous Post Next Post