കണ്ണൂർ :- ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം കേരളത്തിൽ വ്യാപകം. സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്ക് രോഗം ബാധിച്ചു. മുൻപൊക്കെ വലിയ ആരോഗ്യ ഭീഷണിയല്ലാതിരുന്ന ഹെപ്പറ്റൈറ്റിസ് എ ഇപ്പോൾ തീവ്രസ്വഭാവം കാണിക്കുകയാണ്. രോഗം ബാധിച്ച് ഈ വർഷം 82 പേർ മരിച്ചു. കരൾ ഉൾപ്പെടെയുള്ള ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതാണ് കാരണം. കുടിക്കുന്ന വെള്ളത്തിന് കുഴപ്പമുണ്ട് എന്നാണ് മഞ്ഞപ്പിത്തം സൂചിപ്പിക്കുന്നത്. ഒപ്പം ശുചിത്വക്കുറവും.
കോവിഡനന്തരം പല രോഗങ്ങളും ശരീരത്തിലുണ്ടാക്കുന്ന ലക്ഷണങ്ങളിൽ മാറ്റം കാണിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് എ വൈറസിനെ തുരത്താൻ ശരീരത്തിന്റെ പ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുന്നുണ്ടോ എന്ന് സംശയിക്കണം. പൊതുവേ കരളിന്റെ ആരോഗ്യക്കുറവും കാരണമാവുന്നുണ്ടാവാമെന്ന് എറണാകുളം കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റ് ഹരികുമാർ ആർ.നായർ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ 1 തടയാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാണ്.
മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. മലത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തിൽ കലർന്നാൽ മാസങ്ങളോളം അവിടെ തുടരും. വെള്ളം തിളപ്പിക്കാതെയോ ക്ലോറിൻ ചേർക്കാതെയോ ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിച്ചാൽ വൈറസ് അകത്തെത്തും.
തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ജ്യൂസും മറ്റും തയ്യാറാക്കുന്നതിനും ഇത്തരം വെള്ളമേ ഉപയോഗിക്കാവൂ.
മലവിസർജനശേഷം സോപ്പുപയോഗിച്ച് കൈകാലുകൾ വൃത്തിയായി കഴുകണം. ശൗചാലയം അണുനാശിനി ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക.
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്ന് മൂന്നാഴ്ച അകന്നുനിൽക്കുക.