കാസര്‍കോട് :- സി.പി.എം കാസർക്കോട് ഏരിയാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ ഇന്ന് സമ്മേളന സ്ഥലത്തേക്ക് ജാഥയായി കൊണ്ടുപോകാനിരുന്ന കൊടിമരം കാണാതായി. ഇന്ന് പുലർച്ചെ ഒന്നരയോടെ അവസാന മിനുക്കുപണിയും പൂർത്തിയാക്കി നേതാക്കളും പ്രവർത്തകരും മടങ്ങിയശേഷം കൊടിമരം മോഷണം പോകുകയായിരുന്നു. രക്തസാക്ഷി കുള്ളൂർ സുരേന്ദ്രൻ്റെ വീടിനോട് ചേർന്ന സ്മൃതിമണ്ഡപത്തിൽ അലങ്കരിച്ച് സൂക്ഷിച്ചതായിരുന്നു കൂറ്റൻ കൊടിമരം. ഇന്ന് ഉച്ച തിരിഞ്ഞ് കൊടിമരജാഥ ഇവിടെ നിന്ന് സമ്മേളന നഗരിയായ അണങ്കൂരിലേക്ക് പുറപ്പെടാനിരിക്കെയാണ് നേതാക്കളെയും അണികളെയും ഒരുപോലെ ഞെട്ടിച്ച് കൊടിമരമോഷണം നടന്നത്. വിദ്യാനഗർ ബി.സി. റോഡിൽ മൂന്ന് മണിയോടെ കൊടിമര പതാക ജാഥകൾ സംഗമിച്ച് അണങ്കൂരിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരു ക്കങ്ങളും പാർട്ടി നേതൃത്വം പൂർത്തിയാക്കിയതാണ്. ഇതോടെ പുതിയ കൊടിമരം തയ്യാറാക്കിയാണ് പതാക ഉയര്‍ത്തിയത്.
പാർട്ടി കോൺഗ്രസ് നടന്ന വർഷങ്ങളുൾപ്പെടെ ആലേഖനം ചെയ്ത കൊടിമരം ഒന്നോ രണ്ടോ പേർ മാത്രം വിചാരിച്ചാൽ എടുത്തുകൊണ്ടുപോകാൻ കഴിയുന്നതല്ല. സിപിഎം ഏരിയാ സെക്രടറി കെഎ മുഹമ്മദ് ഹനീഫിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഡി.വൈ.എസ്.പി സി.കെ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം പോയ കൊടിമരം കണ്ടെത്താൻ കാസർക്കോട് ടൗൺ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.