പാലക്കാട്: - ആവേശം വാനോളം ഉയർത്തി പാലക്കാട് പരസ്യപ്രചാരണം അവസാനിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ ആയിരത്തോളം അണികൾ പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. നാളെ നിശബ്‌ദപ്രചാരണമാണ്. മറ്റന്നാളാണ് വോട്ടെടുപ്പ്.
ഓരോ മുന്നണികളും അവരവരുടെ കൊട്ടിക്കലാശം കളർഫുള്ളാക്കി. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ബിജെപിയിൽ നിന്നെത്തിയ സന്ദീപ് വാര്യർ, ഷാഫി പറമ്പിൽ എംപി, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി, ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള കുടമാറ്റമായിരുന്നു യുഡിഎഫിന്റെ ഹൈലൈറ്റ്. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ പോസ്റ്ററും യുഡിഎഫിന്റെ കൊട്ടിക്കലാശത്തിൽ ഉയർന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനായി മന്ത്രി എം ബി രാജേഷ്, എ എ റഹീം എം പി, സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അടക്കമുള്ളവർ അവസാനഘട്ട പ്രചാരണത്തിനെത്തി. ഒരുഘട്ടത്തിൽ സരിൻ ക്രെയിനിൽ കയറിയത് അണികൾക്കിടയിൽ ആവേശം ഉയർത്തി. എൽഡിഎഫ് പ്രചാരണത്തിലുടനീളം സരിന്റെ ചിഹ്നമടങ്ങിയ പതാക പാറിപ്പറന്നു.
എൻഡിഎ ക്യാമ്പിൻ്റെ ആവേശവും കൊട്ടിക്കലാശത്തിലുടനീളം പ്രകടമായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ക്രെയിനിൽ എത്തിയാണ് അണികളെ അഭിവാദ്യം ചെയ്തത്. സി കൃഷ്ണകുമാറിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും എത്തിയിരുന്നു. ഒരു ഭാഗത്ത് ക്രെയിനിൽ സി കൃഷ്‌ണകുമാർ അണികൾക്ക് മേൽ പുഷ്പവൃഷ്‌ടി നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് പ്രവർത്തകർക്കൊപ്പം പാട്ടുപാടിയും ചുവടുവെച്ചും ആഘോഷം പങ്കിടുകയായിരുന്നു കെ സുരേന്ദ്രൻ. ബിജെപി നേതാവിൻ്റെ പ്രചാരണത്തിൽ സവർക്കറുടെ ചിത്രം പതിച്ച കൊടിയും പാറി. മണിക്കൂറുകൾ നീണ്ട ആവേശം ആറ് മണിയോടെ അവസാനിച്ചു.