കാഞ്ഞങ്ങാട് :- വിവാദത്തിനൊടുവിൽ മാറ്റി അച്ചടിക്കേണ്ടിവന്ന ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകൾ ലോട്ടറി ഓഫീസുകളിലെത്തിയപ്പോൾ വാങ്ങാൻ ഏജൻ്റുമാരുടെ തിക്കും തിരക്കും. ആദ്യഘട്ടമായി അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകൾ രണ്ടുദിവസം കൊണ്ട് തീർന്നു. ചൊവ്വാഴ്ചയാണ് വിതരണം തുടങ്ങിയത്. 20 കോടി രൂപ ഒന്നാംസമ്മാനമുള്ള ടിക്കറ്റിന് 400 രൂപയാണ്. ഏജന്റുമാർ നൽകേണ്ടത് 312.50 രൂ പയാണ്. വിറ്റുതീരുന്നതിനനുസരിച്ച് 10 ലക്ഷം എന്ന കണക്കിൽ ഘട്ടംഘട്ടമായാണ് ബമ്പർ ടിക്കറ്റുകൾ അച്ചടിക്കുക. സമ്മാനഘടനയിൽ മാറ്റംവരുത്തി അച്ചടിച്ച ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ടിക്കറ്റുകൾ ഏജൻറുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടർന്ന് വിപണിയിലിറക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ആദ്യഘട്ടത്തിൽ
അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളും ഒഴിവാക്കേണ്ടി വന്നു. ഇക്കാരണത്താൽ രണ്ടാഴ്ച വൈകിയാണ് ടിക്കറ്റ് വിപണിയിലെത്തിയത്. ഡിസംബർ നാ ലിനാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ വിപണി യിലെത്തേണ്ടിയിരുന്നത്. ഇത്രയും വൈകിയ തിനാൽ ജനുവരി അവസാനവാരം നടക്കേണ്ട നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി. കഴിഞ്ഞവർഷവും അതിനുമുൻപത്തെ വർഷവും നവംബർ അവസാനവാരമായിരുന്നു പുറത്തിറക്കിയിരുന്നത്. കഴിഞ്ഞവർഷം 50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 45.68 ലക്ഷം വിറ്റു. അതിനു മുൻപത്തെ വർഷം 33 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 32.46 ലക്ഷവും വിറ്റു. രണ്ടാംസമ്മാനം 20 പേർക്ക് ഒരുകോടി വീതമാണ്. ആകെ സമ്മാന ഇനത്തിൽ 100 കോടി രൂപയിലധികമാണ് വിതരണം ചെയ്യുന്നത്.