ന്യൂഡൽഹി :- വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം നടത്തി രാജ്യത്തെ ടൂറിസം രംഗം. 2022നേക്കാൾ മൂന്നിരട്ടി വിദേശ സഞ്ചാരികളാണ് 2023ൽ ഇന്ത്യ സന്ദർശിച്ചത്. കേന്ദ്രവിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൾ പ്രകാരം 2022ൽ 64.4 ലക്ഷം വിദേശ സഞ്ചാരികൾ രാജ്യത്തെത്തിയപ്പോൾ 2023ൽ ഇത് 1.88 കോടിയായി. കോവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ എണ്ണം ഒരു കോടി പിന്നിട്ടതും ഇതാദ്യം കോവിഡിനു തൊട്ടുമുൻപ് 2019ൽ 1.09 കോടി സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. 2021ൽ സന്ദർശകർ വെറും 15.2 ലക്ഷമായിരുന്നു.
ഈ വർഷം ജനുവരി മുതൽ ഓഗസ്‌റ്റ് വരെ 61,90,761 വിദേശ സഞ്ചാരികൾ രാജ്യത്തെത്തി. കഴിഞ്ഞ വർഷം സമാന കാലയളവിൽ 59,71,204 പേരാണ് എത്തിയത്. ഇതു പ്രകാരം 2024ൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്താനാണ് സാധ്യത. ഈ വർഷത്തെ കണക്ക് ജനുവരിയിൽ പുറത്തുവിടും. വിദേശ നാണ്യത്തിലുള്ള വരുമാനത്തിലും 2022നെ അപേക്ഷിച്ചു വലിയ വർധനയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2.31 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ഈ കാലത്തു ലഭിച്ചുവെന്നാണു കണക്ക്.