കണ്ണൂർ :- റോഡപകടങ്ങൾ തടയാൻ പോലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന 24 മണിക്കൂർ പിന്നിട്ടപ്പോൾ രജിസ്റ്റർ ചെയ്തത് 500- ഓളം പെറ്റിക്കേസുകൾ. ചൊവ്വാഴ്ച ഉച്ചമുതൽ ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് റജി സ്റ്റർചെയ്ത കേസുകളുടെ എണ്ണമാണിത്. റോഡിൽ മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കാൻ എ.ഡി.ജി.പി ജില്ലാ പോലീസ് മോധാവികൾക്ക് നിർദേശം നൽകിയിരുന്നു. അപകടമേഖലകൾ കേന്ദ്രീ കരിച്ചാണ് പരിശോധന. ഇത്തരത്തിൽ ഒരുമാസം വാഹനപരിശോധന നടത്തി നിയമലംഘനം കണ്ടെത്തുന്നതിലൂടെ അപകടം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അമിതവേഗം, മദ്യപിച്ചും അശ്രദ്ധമായുമുള്ള വാഹനമോടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ, അമിതഭാരം കയറ്റൽ എന്നിവയെതിരെ നടപടിയുണ്ടാകും. അതിനൊപ്പം ഡ്രൈവർമാർക്കുള്ള ബോധവത്കരണവും നടത്തുമെന്ന് എ.ഡി.ജി.പി യുടെ സർക്കുലറിലുണ്ട്. ഗ്രേഡ് എസ്.ഐ.മാർ വാഹന പരിശോധന നടത്തരുതെന്ന ഡി.ജി.പിയുടെ ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വാഹന പരിശോധന വേണ്ടവിധം നടന്നിരുന്നില്ല. പ്രിൻസിപ്പൽ എസ്.ഐ മാർക്കും ട്രാഫിക് എസ്.ഐ.മാർക്കുമാണ് പരിശോധനയുടെ ചുമതല.