പറശ്ശിനിക്കടവ് :- പുത്തരി തിരുവപ്പനയുത്സവത്തിന് പറശ്ശിനിക്കടവിലേക്ക് ഭക്തജനപ്രവാഹം. കനത്ത മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുത്തപ്പസന്നിധിയിലെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യ തിരുവപ്പന തൊഴാനും നൂറുകണക്കിന് ഭക്തജനങ്ങൾ തടിച്ചു കൂടി. തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന മുത്തപ്പന്റെ അന്തിവേലയും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള കലശം എഴുന്നള്ളിപ്പും ഭക്തിനിർഭരമായി.
ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച കാഴ്ചവരവ് സംഘങ്ങളെ തിരിച്ചയക്കുന്ന ചടങ്ങുകൾ ചൊവ്വാഴ്ച ഉച്ചയോടെ നടന്നു. ആറിന് രാവിലെ നടക്കുന്ന കലശാട്ടത്തോടെ ഉത്സവച്ചടങ്ങുകൾക്ക് കൊടിയിറങ്ങും. ബുധനാഴ്ച ഏഴിന് പറശ്ശിനിക്കടവ് കച്ചവടക്ഷേമസംഘത്തിന്റെ നേതൃത്വത്തിൽ മെഗാ മ്യൂസിക്കൽ ഷോയും അഞ്ച്, ആറ് തീയതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗത്തിന്റെ കഥകളിയും അരങ്ങേറും. ഏഴിന് രാത്രി രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തുണ്ടായിരിക്കും.