ശബരിമല :- അയ്യപ്പന്റെ സ്വർണ ലോക്കറ്റുകൾ ജനുവരി 14ന് മകരവിളക്കു ദിവസം ദേവസ്വം ബോർഡ് പുറത്തിറക്കും. 2,4, 6, 8 ഗ്രാമുകളിലുള്ള ലോക്കറ്റുകൾ മന്ത്രി വി.എൻ വാസവനാണു പുറത്തിറക്കുന്നത്. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥിയായിരിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പമ്പാസംഗമം സാംസ്കാരിക സമ്മേളനം 12ന് വൈകിട്ട് 4ന് പമ്പയിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. നടൻ ജയറാം പങ്കെടുക്കും. ദേവസ്വം ബോർഡ് 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി അന്നു പമ്പയിൽ 75 ദീപങ്ങൾ തെളിയിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ പറഞ്ഞു. സോളർ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ സമർപ്പിക്കാൻ സിയാൽ പ്രതിനിധികൾ മകരവിളക്കു കാലത്ത് എത്തുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.