കണ്ണൂർ :- റിസർവ് ടിക്കറ്റ് വിറ്റുതീർത്ത് തീവണ്ടികൾ ക്രിസ്മസ് ആഘോഷം തുടങ്ങി. എന്നാൽ കേരളത്തിലേക്ക് വരാൻ കാത്തുനിൽക്കുന്ന ആയിരക്കണക്കിന് മലയാളികൾ വെയിറ്റിങ്ങിൽത്തന്നെ. ഓണത്തിന് നാടുപിടിക്കാൻ ടിക്കറ്റിനായി നെട്ടോട്ടമോടിയ മറുനാടൻ മലയാളികൾ ക്രിസ്മസ് - പുതുവർഷത്തിലും ഓട്ടം തുടരുമെന്ന് ഉറപ്പായി. പ്രത്യേക വണ്ടികൾ പ്രഖ്യാപിക്കണമെന്നതാണ് മറുനാട്ടിലെ മലയാളി സംഘടനകളുടെ ആവശ്യം. യശ്വന്ത്പുർ - കണ്ണൂർ എക്സ്‌പ്രസിൽ (16527) ഡിസംബർ 20 മുതൽ സ്ലീപ്പർ ടിക്കറ്റില്ല. ചില ദിവസങ്ങളിലെ വെയിറ്റിങ് ആകട്ടെ 173 കടന്നു. തേർഡ് എ.സിയിലും സ്ഥിതി അതുതന്നെ. ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി കണ്ണൂരേക്കുള്ള വണ്ടിയിൽ (16511) വെയിറ്റിങ് 163ലെത്തി.
ബെംഗളൂരു-എറണാകുളം എക്സ്പ്രസിൽ (12677) വെയിറ്റിങ് 114 മുതൽ 228 വരെയാണ്. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ (16526) 298 ആണ് വെയിറ്റിങ്. മുംബൈയിൽ നിന്നുള്ള വണ്ടികളിലും ടിക്കറ്റ് തീർന്നു. നേത്രാവതി എക്സ്പ്രസിൽ (16345) 20 മുതൽ സ്ലീപ്പറിലും തേർഡ് എ.സിയിലും ടിക്കറ്റ് കിട്ടാനില്ല. ഡൽഹിയിൽനിന്നുള്ള മംഗള എക്സ്പ്രസിലും (12618) ഇതു തന്നെയാണ് സ്ഥിതി. ആഴ്ചവണ്ടികളായ വെരാവൽ- തിരുവനന്തപുരം (16333) എക്സ്‌പ്രസിൽ ഉൾപ്പെടെ ടിക്കറ്റില്ല. ചെന്നൈ വണ്ടികളും വെയിറ്റിങ് നൽകി മുന്നേറുകയാണ്. ചെന്നൈ-മംഗളൂരു മെയിലിൽ (12601) വെയിറ്റിങ് 164-ലെത്തി. വെസ്റ്റ് കോസ്റ്റിൽ (22637) 67- ലെത്തി.