വിമാന ഇന്ധനവില കൂടി, യാത്രാനിരക്കും ഉയർന്നേക്കും


ന്യൂഡൽഹി :- വിമാന ഇന്ധനനിരക്ക് എണ്ണക്കമ്പനികൾ വർധിപ്പിച്ചതോടെ യാത്രാനിരക്കും ഉയർന്നേക്കും. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ വില കിലോലിറ്ററിന് 1318.12 രൂപയാണ് കൂട്ടിയത്. ഡൽഹിയിൽ കിലോലിറ്ററിന് നിലവിൽ 91,856.84 രൂപയാണ് വില. കൊൽക്കത്ത (94,551.63 രൂപ), മുംബൈ (85,861.02), ചെന്നൈ (95,231.49) എന്നിങ്ങനെയാണ് വില. ഒരു മാസത്തിനുള്ളിൽ ഇന്ധനവില 2941.5 രൂപയാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ ഞായറാഴ്ച മുതൽ നിലവിൽ വന്നു. 

ജീവനക്കാരുടെ ശമ്പള, ആനുകൂല്യ ചെലവ് കഴിഞ്ഞാൽ വിമാനം പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിവരുന്ന രണ്ടാമത്തെ വലിയ ചെലവാണ് ഇന്ധനത്തിന് മുടക്കേണ്ടത്. ഏകദേശം ചെലവിന്റെ 40 ശതമാനം ഇന്ധനത്തിനു വേണ്ടിയാണ്. ഇന്ധനവില കൂട്ടുന്നതോടെ യാത്രാനിരക്കും കമ്പനികൾ ഉയർത്തിയേക്കും. ഈ വർഷം ജനുവരിയിൽ വിമാന ഇന്ധനവില കിലോലിറ്ററിന് ഒരുലക്ഷം കടന്നിരുന്നു. 1.01 ലക്ഷമായിരുന്നു അന്നത്തെ വില. പിന്നീട് ജൂണിൽ 6673 രൂപ കുറച്ചു. ഓഗസ്റ്റിൽ വർധിപ്പിച്ചെങ്കിലും ഒക്ടോബറിൽ വീണ്ടും കുറച്ചു. നവംബർ മുതൽ വർധിപ്പിച്ചു തുടങ്ങി.

Previous Post Next Post