പത്താമുദയം പദ്ധതിയുടെ വിജയോത്സവം ജനുവരി 24 ന്


കണ്ണൂർ :- സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പത്താമുദയം പദ്ധതിയില്‍ മികച്ച വിജയം നേടിയവരെയും തദ്ദേശ സ്വയംഭണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിക്കുന്നു. ജനുവരി 24 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി അധ്യക്ഷത വഹിക്കും. സ്വന്തമായി പഠനകേന്ദ്രം ആരംഭിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഫുള്‍ എ പ്ലസ് നേടിയവര്‍, ഒരോ പഠന കേന്ദ്രത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പഠിതാക്കള്‍, നൂറ് ശതമാനം വിജയം നേടിയ പഠനകേന്ദ്രങ്ങള്‍, വ്യത്യസ്ഥരായ പഠിതാക്കള്‍, പ്രായം കൂടിയ പഠിതാക്കള്‍, പരിക്ഷ വിജയിച്ച 11 ജനപ്രതിനിധികള്‍, പരീക്ഷ വിജയിച്ച ഏഴ് ദമ്പതികള്‍, രണ്ട് സഹോദരങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ പഠിതാവ് തുടങ്ങിയവരെ ആദരിക്കും.

ജില്ലയിലെ പത്താമുദയം സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ പദ്ധതിയുടെ ആദ്യ ബാച്ചില്‍ പരീക്ഷ എഴുതിയ 1571 പേരില്‍ 1424 പേരും പാസ്സായി. 90.64 ആണ് വിജയ ശതമാനം. വിജയിച്ചവരില്‍ 207 പുരുഷന്‍മാരും 1218 സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 42 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 36 പേരും വിജയിച്ചു. മാടായി പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ എ. വി താഹിറയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഉളിക്കല്‍ പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ 81 വയസ്സുള്ള എം.ജെ സേവ്യറാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാടായി പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ ട്രാന്‍സ്ജെന്‍ഡര്‍ പഠിതാവ് സി അപര്‍ണ വിജയിച്ചു. മട്ടന്നൂര്‍ യു പി സ്‌കൂള്‍ (50), വിളക്കോട് യു പി സ്‌കൂള്‍ (28), ചട്ടുകപ്പാറ ജി എച്ച് എസ് എസ് (45), സീതി സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ് (34), കോട്ടയം ജി എച്ച് എസ് എസ് (33), മാങ്ങാട്ടിടം യു പി എസ് (23) സെന്റ് തോമസ് എച്ച് എസ് എസ് കേളകം (43) എന്നീ പഠന കേന്ദ്രങ്ങളിലാണ് 100 ശതമാനം വിജയം.  

Previous Post Next Post