തിരുവനന്തപുരം :- സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്. ഗോപൻ്റെ രണ്ട് മക്കളും ചടങ്ങുകളിൽ പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
സമാധി വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ്റെ മകൻ സനന്ദൻ മാപ്പ് ചോദിച്ചു. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഇന്നലെ അതിരാവിലെയാണ് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ രംഗത്തെത്തി. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദൻ പറഞ്ഞു. ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.
ദുരൂഹത നിങ്ങാൻ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി ഇനി കിട്ടേണ്ടതുണ്ടെന്നും പൊലീസ് നടപടി നിയമാനുസൃതമായിരുന്നുവെന്നും നെയ്യാറ്റിൻകര സിഐ പറഞ്ഞു. മകന്‍റേതടക്കം ഇനിയും മൊഴികൾ രേഖപ്പെടുത്തും. മൂന്ന് റിപ്പോർട്ടുകൾ ഇനി കിട്ടേണ്ടതുണ്ട്. ഫോറന്‍സിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോര്‍ട്ടുകള്‍ ആണ് കിട്ടാനുള്ളത്.
അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു. നിലവിൽ പൊലീസിന് മുന്നിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അല്ലെങ്കിൽ പ്രാഥമിക പരിശോധന റിപ്പോർട്ട് ഇല്ല. ഗോപൻ സ്വാമിയുടെ മകന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് സമാധി തുറന്നു പരിശോധിച്ചാൽ തീരുമാനിച്ചത്. പൊലീസ് നടപടിയെല്ലാം നിയമാനുസൃതമായിരുന്നുവെന്നും കുടുംബത്തെ പൊലീസ് വേട്ടയാടിയിട്ടില്ലെന്നും സിഐ പറഞ്ഞു.