കണ്ണൂർ :- ഹജ്ജ് കർമം നിർവഹിക്കാനായി കണ്ണൂർ വിമാനത്താവളംവഴി പോകുന്നവരുടെ എണ്ണത്തിൽ വർധന. ഈ വർഷം 4105 പേരാണ് ഇതിനകം കണ്ണൂർ എംബാർക്കേഷൻ പോയിന്റ് തിരഞ്ഞെടുത്തത്. അവസാന പട്ടികയാകുമ്പോഴേക്കും 4,500 ആകാമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.
2023-ലാണ് കണ്ണൂർ വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായത്. ആ വർഷം 2,030 പേർ പുറപ്പെട്ടു. 2024-ൽ 3,218 ആയി. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയ നാട് ജില്ലകൾക്കുപുറമെ കർണാ ടകയിലെ മൈസൂരു, കൂർഗ്, കുടക് മേഖലയിൽനിന്നുള്ളവരും കണ്ണൂരിനെ ആശ്രയിക്കുന്നു. വിമാനത്താവളത്തിൽ ഹജ്ജ് ഹൗസ് യാഥാർഥ്യമാകുന്നതോടെ ഹാജിമാർക്കുള്ള സൗകര്യങ്ങൾ വർധിക്കുമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും വിമാനത്താവള ത്തിലെ കാർഗോ കോംപ്ലക്സിലാ ണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയത്.
കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുമെന്ന് ആദ്യ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയതോടെ ഉറപ്പ് യാഥാർഥ്യമാകുകയാണ്. ഭൂമികൈമാറ്റ നടപടി പുരോഗമിക്കുകയാണ്. ഹജ്ജ് ആവശ്യങ്ങൾക്കു പുറമെ കോൺഫറൻസ് ഹാൾ കൂടി ലക്ഷ്യമിട്ടാണ് ഹജ്ജ് ഹൗസ് നിർമിക്കുകയെന്നും 2026-ലെ ഹജ്ജ് കർമത്തിനുമുമ്പ് യാഥാർഥ്യമാകുമെന്നും ഹുസൈൻ സഖാഫി പറഞ്ഞു.