പരിയാരം :- ഒട്ടേറെ രോഗികൾ കാൻസർ ചികിത്സയ്ക്ക് ആശ്രയിക്കുന്ന പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ (ഓങ്കോളജി) ചികിത്സാ വിഭാഗം അടച്ചു പൂട്ടി. ഡോക്ടർ മാരില്ലാത്തതിനാലാണു കഴിഞ്ഞ ദിവസം മുതൽ ഓങ്കോളജി വിഭാഗത്തിൽ പരിശോധന നിർത്തിയത്. ഒപി പരിശോധനയടക്കം ഇല്ലാത്തതിനാൽ പല രോഗികൾക്കും തുടർചികിത്സ പ്രതിസന്ധിയിലായി. ഇതരജില്ലകളിൽ നിന്നുള്ളവർ പോലും ചികിത്സയ്ക്കായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തെ ആശ്രയിക്കുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ 4 ഡോക്‌ടർമാരുടെ സേവനം ഓങ്കോളജി വിഭാഗത്തിൽ രോഗികൾക്കു ലഭിച്ചിരുന്നു. എന്നാൽ ഡോക്ടർ മാർ സ്‌ഥലം മാറി പോകുകയും നീണ്ട അവധിയിൽ പ്രവേശിക്കുകയും ചെയ്‌തതോടെയാണു പ്രതിസന്ധിയുണ്ടായത്. ഇത്തരം സന്ദർഭങ്ങളിൽ ബദൽ സംവിധാനം നടപ്പിലാക്കാത്തതിനാലാണു രോഗികൾക്കു ചികിത്സയ്ക്കായി മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടുണ്ടാകുന്നത്. കാൻസർ ദിനാചരണത്തിന്റെ ഭാഗമായി അടുത്തമാസം 8 വരെ സ്ത്രീകൾക്ക് സൗജന്യ പരിശോധന ക്യാംപ് നടത്തുമ്പോൾ പരിയാരത്ത് ഓങ്കോളജി വിഭാഗം അടച്ചു പൂട്ടിയതു പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്.