സംസ്ഥാനത്തെ ക്ഷയരോഗികൾക്ക് 1500 രൂപയുടെ പോഷകാഹാരക്കിറ്റ്


തിരുവനന്തപുരം:- സംസ്ഥാനത്ത് ക്ഷയരോഗികൾക്ക് 1500 രൂപ വരുന്ന ഭക്ഷ്യക്കിറ്റ് നൽകും. 12 ഇനങ്ങളടങ്ങിയ പോഷകാഹാരക്കിറ്റാണ് ആറുമാസത്തേക്ക് നൽകുക. രോഗം ഭേദമായില്ലെങ്കിൽ 15 മാസത്തേക്കുകൂടി കിറ്റ് കൊടുക്കും. ആരോഗ്യപ്രവർത്തകർ വഴിയാണ് വിതരണം. സംസ്ഥാനത്ത് മരിക്കുന്ന ക്ഷയരോഗികളിൽ 49 ശതമാനവും തീരെക്കുറഞ്ഞ ശരീരഭാരമുള്ളവരാണെന്ന പഠനത്തിൻ്റെ അടിസ്ഥാനത്തിലും രോഗികൾക്ക് കലോറിമൂല്യം കൂടിയ ഭക്ഷണം നൽകണമെന്ന സെൻട്രൽ ടി.ബി ഡിവിഷൻ്റെ നിർദേശം പരിഗണിച്ചുമാണ് പോഷകാഹാരം സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചത്. 

കേന്ദ്രസർക്കാരിൻ്റെ നി ക്ഷയ പോർട്ടലിൽ ഉൾപ്പെട്ടവരെയാണ് പോഷകാഹാരപദ്ധയിൽ പരിഗണിക്കുക. വരുമാനപരിധി ബാധകമല്ല. ഈ വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കുകയാണ് ലക്ഷ്യം. ചില തദ്ദേശസ്ഥാപനങ്ങൾ സാമ്പത്തിക സ്ഥിതിയനുസരിച്ച് സ്വന്തം നിലയ്ക്ക് രോഗികൾക്ക് നേരത്തേ സഹായം നൽകിയിരുന്നു. ചെലവ് 1500 രൂപയാക്കുകയായിരുന്നു.

പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണമല്ലാതെ വ്യക്തിവിവരം ഗ്രാമസഭയിൽ അറിയിക്കില്ല. എല്ലാമാസവും രോഗവിമുക്തി വിലയിരുത്തും. രോഗികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറേണ്ടത് ഗ്രാമങ്ങളിൽ മെഡിക്കൽ ഓഫീസറും നഗരങ്ങളിൽ ജില്ലാ ടി.ബി ഓഫീസറുമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സർവേപ്രകാരം രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ഓരോ ഒരു ലക്ഷം പേരിലും 70 ആൾക്കാണ് ക്ഷയരോഗം ബാധിക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷത്തിൽ 199-ഉം ലോകത്താകെ ഒരുലക്ഷത്തിൽ 133-ഉം ആളുകളെയും. കേരളത്തിൽ ഒരുലക്ഷത്തിൽ ഏഴും ഇന്ത്യയിൽ 34-ഉം ലോകത്ത് 18-ഉം ആളുകൾ മരിക്കുന്നു.

Previous Post Next Post