മലപ്പുറം :- എട്ടാം ക്ലാസിലെ വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാൻ കഴിയാതെ പോയവർക്കായി നടത്തിയ സേ പരീക്ഷയുടെ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വിദ്യാർഥികൾ വാർഷികപരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടിയിരിക്കണം എന്ന വ്യവസ്ഥ ഇക്കൊല്ലം മുതൽ ഏർപ്പെടുത്തിയതിനാലാണ് എട്ടാംക്ലാസിൽ സേ പരീക്ഷ നടത്തിയത്.
പൊതുവിദ്യാലയങ്ങളിൽ ആകെ 3,98,181 വിദ്യാർഥികളാണ് എട്ടിലെ വാർഷികപ്പരീക്ഷ എഴുതിയത്. ഇതിൽ 86,309 പേർക്ക് മിനിമം മാർക്ക് നേടാനായില്ല. മിക്കവർക്കും ഹിന്ദി, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിലാണ് മിനിമം മാർക്ക് നേടാൻ കഴിയാതെ പോയത്. 5,516 പേർക്ക് ഒരു വിഷയത്തിലും മിനിമം മാർക്ക് നേടാനായില്ല.
മിനിമം മാർക്ക് നേടാൻ കഴിയാതെ പോയവർക്കായി ഏപ്രിൽ എട്ടു മുതൽ അതതു വിഷയങ്ങളിൽ പ്രത്യേക പിന്തുണാ ക്ലാസുകൾ നടത്തി. 25 മുതലുള്ള ദിവസങ്ങളിലാണ് ഓരോ വിഷയത്തിലായി സേ പരീക്ഷ നടത്തിയത്. അതിൻ്റെ ഫലമാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുന്നത്. ഈ പരീക്ഷയിലും മിനിമം മാർക്ക് നേടാൻ കഴിയാത്തവരെ ഒൻപതിലേക്കു ക്ലാസ്‌കയറ്റം നൽകും.