കണ്ണൂർ :- സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിൽ കർശന സുരക്ഷയും ടിക്കറ്റ് പരിശോധനയും ഏർപ്പെടുത്തി. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ദക്ഷിണ റെയിൽവേയിൽ നിരീക്ഷണവും കർശന പരിശോധനയുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് ലഭിച്ച അറിയിപ്പിൽ പറയുന്നു. യാത്രാ ടിക്കറ്റ് പരിശോധിക്കാൻ പ്രത്യേക സ്ക്വാഡുകൾ തിങ്കളാഴ്ച രാവിലെ മുതൽ സ്റ്റേഷനുകളിലുണ്ട്.
പിഴയ്ക്ക് പുറമേ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ വ്യക്തിവിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്. തീവണ്ടികളിലും പ്ലാറ്റ്ഫോമുകളിലും ആർപിഎഫും റെയിൽവേ പോലീസും പരിശോധന കർശനമാക്കി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് നാലുപേരെ പ്ലാറ്റ്ഫോം ഡ്യൂട്ടിക്ക് നിയോഗിച്ചു. ലഗേജും ബാഗുകളും സ്കാനറിൽ പരിശോധിക്കും. വണ്ടികളിലും എസ്കോർട്ട് കർശനമാക്കി.
പട്രോളിങ് അടക്കമുള്ള സുരക്ഷാ പദ്ധതി റെയിൽവേ പോലീസ് വിപുലീകരിക്കുന്നു. നിലവിൽ രാത്രിയും പകലുമായുള്ള തീവണ്ടികളിലെ ദീർഘദൂര പട്രോളി സമയം കുറയ്ക്കും. ഇരുദിശകളിലും രണ്ട് വണ്ടികളിൽ മാത്രമായുള്ള എട്ടുമണിക്കൂർ എസ്കോർട്ടിങ് സമയമാണ് കുറയ്ക്കുക. രണ്ടംഗ ഉദ്യോഗസ്ഥർ നാല് വണ്ടികളിലായി രണ്ടുമണിക്കൂർ വീതം ജോലി ചെയ്യും. നിലവിൽ 70-ലധികം തീവണ്ടികളിൽ റെയിൽവേ പോലീസിൻ്റെ പട്രോളിങും അകമ്പടിയുമുണ്ട്. 120-ലധികം തീവണ്ടികളിൽ റെയിൽവേ പോലീസിന്റെ സാന്നിധ്യം ഇനി ഉണ്ടാകും.