തിരുവനന്തപുരം :- 2 വർഷത്തിനിടെ കുറഞ്ഞത് 20 ദിവസം ജോലി ചെയ്‌തവരെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കി ആനുകൂല്യങ്ങൾ നൽകാൻ സംസ്‌ഥാന സർക്കാർ പ്രചാരണ പരിപാടി ആരംഭിച്ചു. ജൂലൈ 31 വരെയാണു പ്രചാരണം. പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നഗരമേഖലകളിലെ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി എന്നിവയിലെ തൊഴിലാളികളെയാണു ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക.
18 മുതൽ 55 വരെ പ്രായക്കാർക്ക്, തൊഴിലുറപ്പു തൊഴിലാളിയാണെന്നു തദ്ദേശ സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം ഉണ്ടെങ്കിൽ ക്ഷേമനിധി അംഗമാകാം. തൊഴിൽ കാർഡ്, ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവ തൊഴിലുറപ്പ് പദ്ധതിയിലെ വിവരങ്ങളുമായി ഒത്തുനോക്കിയാണു സാക്ഷ്യപത്രം നൽകേണ്ടത്. പ്രതിമാസം 50 രൂപ വീതം അടയ്ക്കണം. 2 പദ്ധതികളിലുമായി 20 ലക്ഷത്തോളം അംഗങ്ങളുള്ളതിൽ 8 ലക്ഷം പേരെയെങ്കിലും ക്ഷേമനിധിയിൽ ചേരുമെന്നാണു കണക്കുകൂട്ടൽ. ഇതിനായി www.kegwwfb.kerala.gov.in എന്ന പോർട്ടലും സജ്‌ജമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർമാർക്കു ജില്ലാ ക്ഷേമനിധി ഓഫിസറു ടെ ചുമതല നൽകി. 2021ൽ നിയമസഭയിൽ ബിൽ പാസാക്കിയാണ് 2023 ജനുവരിയിൽ രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് കേരളം രൂപീകരിച്ചത്.