KSRTC ബജറ്റ് ടൂറിസം ; കണ്ണൂരിലേക്ക്‌ എത്തിയത് 2000 ത്തോളം സഞ്ചാരികൾ


കണ്ണൂർ :- കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ 40 ട്രിപ്പുകളിലായി ഇതുവരെയെത്തിയതു രണ്ടായിരത്തോളം സഞ്ചാരികൾ. മലപ്പുറം- നിലമ്പൂർ ഡിപ്പോകളിൽ നിന്നെത്തിയ ബജറ്റ് ടൂറിസം സർവീസിന്റെ ചുവട് പിടിച്ചാണു കൂടുതൽ ബജറ്റ് സർവീസ് ആരംഭിച്ചത്. തുടർന്നു കൊല്ലം, കോഴിക്കോട്, വയനാട്, തൃശൂർ എന്നീജില്ലകളിൽ നിന്നും സഞ്ചാരികളുമായി കെഎസ്ആർടിസി ബസുകളെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു സഞ്ചാരികളേറെയും എത്തിയത്. ജൂണിൽ വീണ്ടും സഞ്ചാരികളെത്തും. ജില്ലയിലേക്ക് വൺ ഡേ, ടൂ ഡേ ടൂർ പാക്കേജുകളാണുള്ളത്. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ചേർത്തുള്ള സമഗ്ര ബജറ്റ് ടൂറിസം പാക്കേജാണു നടപ്പാക്കുന്നത്. 

പയ്യാമ്പലം ബീച്ച്, ബേബി ബീച്ച്, പ്ലാനറ്റോറിയം, വാച്ച് ടവർ, കണ്ണൂർ സെൻ്റ് ആഞ്ചലോ കോട്ട, അറക്കൽ മ്യൂസിയം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം തുരുത്ത്, ചൂട്ടാട് ബീച്ച്, മാട്ടൂൽ പെറ്റ് ‌സ്റ്റേഷൻ, വയലപ്ര ഫ്ലോട്ടിങ് ബ്രിജ്, വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട്, പഴശി ഡാം എന്നിവ ഉൾക്കൊള്ളിച്ച ടൂറിസം സർക്കീറ്റാണു ജില്ലയിൽ കെഎസ്‌ആർടിസി ബജറ്റ് ടൂറിസത്തിലുള്ളത്. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുള്ള പാക്കേജും ഒരുക്കുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ഏഴരക്കുണ്ട്, പാലക്കയംതട്ട്, പൈതൽ മല എന്നിവ കേന്ദ്രീകരിച്ചുള്ള കാഴ്ചയ്ക്കായി സഞ്ചാരികൾക്കു പ്രത്യേക പാക്കേജ് ഒരുക്കും.

Previous Post Next Post