തിരുവനന്തപുരം :- സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ൽ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നുണ്ട്.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളിൽ ഏതെങ്കിലും മേഖലകളിൽ രോഗപ്പകർച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്സ് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പ്രായമായവരും ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോഗ്യപ്രവർത്തകർ മാസ്സ് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകണമെന്നും ആരോഗ്യവകുപ്പ് ശുപാർശ ചെയ്യുന്നു.