ഇന്നലെ വരെ ലഭിച്ചത് 4,48,720 അപേക്ഷകൾ ; പ്ലസ് വൺ അപേക്ഷ ഇന്ന് അവസാനിക്കും


തിരുവനന്തപുരം :- ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാസമയം ഇന്നു വൈകിട്ട് അഞ്ചിന് അവസാനിക്കും. www.hscap.kerala.gov.in. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള ഓൺലൈൻ അപേക്ഷാസമയവും ഇന്നു വൈകിട്ട് 5 വരെയാണ്. ട്രയൽ അലോട്മെന്റ് 24 നു വൈകിട്ടു നാലിനു പ്രസിദ്ധീകരിക്കും. ആദ്യ അലോട്‌മെൻ്റ് ജൂൺ. രണ്ടിനും രണ്ടാം അലോട്മെന്റ് 10നും മൂന്നാം അലോട്മെന്റ് 16നുമാണ്. 18നു പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

പ്ലസ് വൺ പ്രവേശനത്തിനുള്ള  അപേക്ഷ സ്വീകരിക്കുന്നത് ചൊവ്വാഴ്ച അവസാനിക്കാനിരിക്കേ, തിങ്കളാഴ്ച രാത്രിവരെ 4,48,720 അപേക്ഷകൾ ഹയർ സെക്കൻഡറി വകുപ്പിൻ്റെ വെബ്സൈറ്റിൽ ലഭിച്ചു. ആദ്യഘട്ടമായ കാൻഡിഡേറ്റ് ലോഗിൻ പൂർത്തിയാക്കിയത് 4,57,296 പേരാണ്. ലോഗിൻ ചെയ്ത വരിൽ 8,576 പേരാണ് യോഗ്യത, വ്യക്തിവിവരങ്ങൾ, ഓപ്ഷനുകൾ തുടങ്ങിയവ നൽകി അപേക്ഷ നൽകൽ പൂർത്തിയാക്കാനുള്ളത്. കായികമികവ് അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടി 28-നു തുടങ്ങും. രണ്ടുഘട്ടമായാണ് ഈ രീതിയിലെ പ്രവേശനത്തിനുള്ള നടപടി പൂർത്തിയാക്കേണ്ടത്. ആദ്യഘട്ടം ജില്ലാ സ്പോർട്‌സ് കൗൺസിലിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 23 മുതൽ 28 വരെയാണ് സമയം.

സ്പോർട്സ് കൗൺസിൽ അധികൃതർ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി പരിശോധിച്ച് സ്റ്റോർ കാർഡ് തയ്യാറാക്കും. കായികരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റോർ നൽകുന്നത്. കാർഡ് കിട്ടിക്കഴിഞ്ഞാൽ കായികമികവ് അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് അപേക്ഷ നൽകാം. 24 മുതൽ 29 വരെ ഈ രീതിയിൽ അപേക്ഷിക്കാം. ജൂൺ മൂന്നിനാണ് കായികമികവ് അടിസ്ഥാനമാക്കിയുള്ള ആദ്യ അലോട്മെന്റ്. സ്പോർട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏകജാലക സംവിധാനം വഴിയുള്ള പൊതുമെറിറ്റിൽ പ്രവേശനത്തിനു വേണ്ടിയും അപേക്ഷിക്കാം.
Previous Post Next Post