തളിപ്പറമ്പ്:- കുപ്പം കപ്പണത്തട്ടിൽറോഡിന് സംരക്ഷണമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു. സ്ഥിരമായി ഇടിയുന്ന ഭാഗത്ത് നിന്നുമാറി കോണ്‍ക്രീറ്റ് ഉപയോഗിച്ച് കെട്ടിയ ഭിത്തിയാണിത്. ഇതിന് അടുത്ത് ജനവാസ മേഖലയാണ്. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് കുളിഞ്ഞ ദേവി വിലാസം എ എല്‍ പി സ്‌കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞു. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയിലേക്കാണ് മതിലിടിഞ്ഞിരിക്കുന്നത്. മതിലിന്റെ കല്ലുകള്‍ സ്‌കൂളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തേക്ക് ഇടിഞ്ഞതിനാല്‍ വഴി തടസപ്പെട്ടിരിക്കുകയാണ്.
മയ്യിൽ പഞ്ചായത്തിലെ കോറളായി തുരുത്ത് എരിഞ്ഞിക്കടവിൽ പെരുമാച്ചേരിയിലെ സീത ദേവിയുടെ അമ്പ തോളം വാഴകൾ നശിച്ചു. കവുങ്ങുകൾ, തെങ്ങുകൾ കടപുഴകി വീണു.
കയരളത്തെ ഇ എ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റ വീടിന് മുകളില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീടിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. കയരളം നെയ്യമൃത് മഠത്തിനു മുകളില്‍ മരം വീണ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. കുട്ട്യേരി വില്ലേജിലെ പങ്ങാട്ടൂര്‍ എന്ന സ്ഥലത്ത് സി ആലിയുടെ ഉടമസ്ഥയിലുള്ള വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താണു. ആളപായമില്ലെന്ന് കുട്ട്യേരി വില്ലേജ് ഓഫീസര്‍ അറിയിച്ചു