വന്യജീവി ആക്രമണത്തിൽ കൃഷി നശിച്ചാൽ ധനസഹായം ; മൃഗങ്ങളെ നഷ്ടപ്പെട്ടാലും സഹായം ലഭിക്കും


തിരുവനന്തപുരം :- മഴയെ ആശ്രയിച്ചുള്ള കാർഷികവിളകളോ തോട്ടവിളകളോ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ ഹെക്ടറിന് 8500 രൂപ നിരക്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ നൽകും. ദുരന്തപ്രതികരണ നിധിയിൽ നിന്നും വനം വകുപ്പിൽ നിന്നുമാണ് ഈ തുക അനുവദിക്കുക. കൃഷിവകുപ്പാകും നഷ്ടം കണക്കാക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരു ലക്ഷം രൂപ അനുവദിക്കും.

പാലുത്പാദനമുള്ള എരുമ, പശു എന്നിവ നഷ്ടമായാൽ മൃഗസംരക്ഷണവകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 37,500 മുതൽ 1,12,500 രൂപ വരെയാണ് ഒരു മൃഗത്തിന് അനുവദിക്കുക. ആട്, പന്നി എന്നിവ നഷ്ടമായാൽ ഇത് 4000 രൂപ മുതൽ 1,20, 000 വരെയാകും സഹായം. കോഴി, താറാവ് എന്നിവയ്ക്ക് ഒന്നിന് നൂറുരൂപ. കുടിലുകൾ നഷ്ടമായാൽ 8000 രൂപയും കാലിത്തൊഴുത്ത് നഷ്ടമായാൽ 3000 മുതൽ ഒരുലക്ഷം വരെയുമാകും സഹായം.

ക്ഷുദ്രജീവികളായി വിജ്ഞാപനം ചെയ്ത വന്യജീവികളെ കൊന്ന് കുഴിച്ചുമൂടുന്നതിന് ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിന് ഒരു സാമ്പത്തികവർഷം പരമാവധി ഒരു ലക്ഷം രൂപ അനുവദിക്കും.

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏർപ്പെടുമ്പോൾ വന്യജീവികളുടെ ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടമാകുന്നവർക്കും ധനസഹായത്തിന് അർഹതയുണ്ട്. 40 ശതമാനം മുതൽ 60 ശതമാനം വരെയുള്ള അംഗവൈകല്യം (ഒരു കൈ, കാൽ, കണ്ണ്, കണ്ണുകൾ നഷ്ടപ്പെടുന്നതിന്) - രണ്ടുലക്ഷം (74,000 ദുരന്തപ്രതികരണ നിധി. 1,26,000 വനംവകുപ്പ്). അംഗവൈകല്യത്തിന്റെ വ്യാപ്തി നിർണയിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ്. ആക്രമണം വനത്തിനുള്ളിലാണോ പുറത്താണോ എന്നത് കണക്കിലെടുക്കാതെ സഹായധനം.

60 ശതമാനത്തിലധികം അംഗ വൈകല്യം-2,50,000 (ദുരന്ത പ്രതികരണനിധിയിൽ നിന്ന്)

ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം വേണ്ടിവരുന്ന പരിക്ക് : പരമാവധി ഒരുലക്ഷം (16000- ദുരന്തപ്രതികരണ നിധി/വനംവകുപ്പ് 84,000)

ഒരാഴ്ചയിൽ കുറഞ്ഞ ആശു പത്രിവാസം വേണ്ടിവരുന്ന പരിക്ക്: 5400 മുതൽ ഒരുലക്ഷംവരെ (5400 ദുരന്തപ്രതികരണനിധി, വനംവകുപ്പ് 94600) പരിക്കേൽക്കുന്ന വർ (പട്ടികവർഗക്കാർ ഒഴികെ) ആയുഷ്മാൻ ഭാരത് പ്രകാരം സൗജന്യ ചികിത്സയ്ക്ക് അർഹരാണെങ്കിൽ അവർക്ക് ഈ സഹായം ലഭിക്കില്ല. പട്ടികവർഗക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ചികിത്സച്ചെലവും നൽകും.

വീട് തകർന്നാൽ നഷ്ടപരിഹാരം വേറെ നൽകും.

വീടുതകർന്ന് വസ്ത്രങ്ങൾ നഷ്ടപ്പെട്ടാൽ -2500 (ദുരന്ത പ്രതികരണ നിധി). നഷ്ടപരിഹാരം ഒരു കുടുംബത്തിന്.

വീടുകൾ തകർന്ന് വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടാൽ -2500 (ദുരന്തപ്രതികരണ നിധി) നഷ്ടപരിഹാരം ഒരു കുടുംബത്തിന്.

ഉപജീവനമാർഗത്തെ സാരമായി ബാധിച്ചാൽ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള വേതനം. അല്ലെങ്കിൽ സാധനങ്ങൾ. (വീടിന് വെളിയിലിറങ്ങരുതെന്ന മുന്നറിയിപ്പുമൂലം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സഹായം ദുരന്തപ്രതികരണനിധിയിൽ നിന്ന്)

Previous Post Next Post