ശ്രീകണ്ഠപുരം :- ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ ഒരു രാജസ്ഥാൻകാരിയുമുണ്ട്. കണ്ണൂർ ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി മീരാ കുമാരിയാണ് ഈ അപൂർവ്വ നേട്ടത്തിനുടമയായത്. 1200 ൽ 1169 മാർക്കും ഈ മിടുക്കി സ്വന്തമാക്കി.
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ രൂപ് വാസ് താലൂക്കിൽപ്പെട്ട പച്ചാന്ദ്രയിലുള്ള നാഗല എന്ന സ്ഥലത്താണ് മീരാകുമാരിയുടെ ജനനം. വേദ് പ്രകാശ്- മിഥ്ലേഷ് കുമാരി ദമ്പതികളുടെ മൂന്നാമത്തെ മകൾ. 2007 ൽ മീരാകുമാരിക്ക് രണ്ടുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ഇവരുടെ കുടുംബം രാജസ്ഥാനിൽ നിന്ന് കേരളത്തിൽ എത്തിയത്. കേരളത്തിൽ മികച്ച ജോലി ലഭിക്കാനുള്ള സാധ്യതയാണ് കുടുംബത്തെ ആകർഷിച്ചത്.
അച്ഛൻ വേദ് പ്രകാശ് മാർബിൾ തൊഴിലാളിയാണ്. ഇരിക്കൂർ പെരുവളത്തു പറമ്പിലാണ് ഇപ്പോൾ മീരയുടെ കുടുംബം താമസിക്കുന്നത്. മീരയുടെ പ്രാഥമിക വിദ്യാഭ്യാസം മുതൽ തന്നെ കേരളത്തിൽ ആയിരുന്നു. ഇരിക്കൂർ ഇസ്ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പിന്നീട് ശ്രീകണ്ഠപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറിയിൽ പ്ലസ്ടു പഠനത്തിനായി ചേർന്നു.