ജമ്മു കശ്മീരിലെ സോപ്പോരയിൽ വ്യാപക റെയ്ഡ് ; ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് പരിശോധന


ദില്ലി :- അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മു കശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ തൽകാലികമായി നിരോധിച്ചിരിക്കുകയാണ്. 

അതേ സമയം, അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ നാശനഷ്ടമുണ്ടായവർക്ക് ജമ്മു കശ്മീർ സർക്കാർ ഉടൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും.വീടുകൾ നഷ്ടമായവർക്ക് പ്രത്യേക സഹായ ധനം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തിന്റെ അറിയിപ്പ്.

പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി

പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇന്ത്യ പാക് സം​ഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഗുഹ്‌ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. പാകിസ്ഥാനിലുള്ള ഒരാൾക്ക് ദേവേന്ദർ തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പട്യാലയിലെ ഒരു കോളേജിൽ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് പിടിയിലായ ദേവേന്ദർ. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ദേവേന്ദർ പകർത്തുകയും, അത് പാകിസ്ഥാനിലുളള ഒരാൾക്ക് പങ്കുവെക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. 

ജമ്മു കശ്മീരിൽ അടച്ചത് 42 വിനോദസഞ്ചാര കേന്ദ്രങ്ങൾ

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ സംഘർഷ സാഹചര്യമായതോടെ ചെറുതും വലുതുമായ 42 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടാതെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇടങ്ങളും പൂട്ടിയതോടെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടക്കം പ്രതിസന്ധിയിലാണ്. വൻകിട സംഭരങ്ങളെക്കാൾ ചെറുകിട വ്യാപാരികൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 

Previous Post Next Post