പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ CPM നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു


ആലപ്പുഴ :- പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസാണ് ജി സുധാകരനെതിരെ കേസെടുത്തത്. തപാല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ഐപിസി, ജനപ്രാതിനിധ്യ നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. 1989 ലെ പാർലമെന്‍റെ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് തിരുത്തി എന്നാണ് ജി സുധാകരൻ പരസ്യമായി പറഞ്ഞത്. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരൻ തിരുത്തി. വിവാദ പരാമർശം തിരുത്തിയാണ് അമ്പലപ്പുഴ തഹസിൽദാർക്കും മൊഴി നൽകിയത്. എന്നാൽ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനിൽക്കുന്നുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ തുടരുമെന്നാണ് സൂചന.

ഇതിനിടെ, 1989 ലെ എൽഡിഎഫ് സ്ഥാനാർത്ഥി കെവി ദേവദാസ് ജി സുധാകരനെ തള്ളി രംഗത്തെത്തി. പോസ്റ്റൽ വോട്ടുകൾ തിരുത്തിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ജി സുധാകരന്റെ പ്രസ്താവന ശ്രദ്ധയിൽ പ്പെട്ടതെന്നും കെവി ദേവദാസ് പ്രതികരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്ന കെ വി ദേവദാസ് 18000 വോട്ടിനാണ് വക്കം പുരുഷോത്തമനോട്‌ അന്ന് തോൽക്കുന്നത്. 36 വർഷം മുൻപത്തെ സംഭവമായതിനാൽ തെളിവുകൾ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പൊലീസ് കരുതുന്നത്. അതിനാൽ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

Previous Post Next Post