തിരുവനന്തപുരം :- മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. മൂന്ന് ടേമിൽ കോഴിക്കോട് നോർത്തില്‍ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട എ പ്രദീപ് കുമാര്‍ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ നവീകരണ പദ്ധതികളിലൂടെ ശ്രദ്ധേയനാണ്.
പ്രിസം പദ്ധതിയിലൂടെ കോഴിക്കോട്ടെ ഒരു കൂട്ടം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റിയെടുത്തത് പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയും സംസ്ഥാന നേതൃനിരയിൽ പ്രവര്‍ത്തിച്ച മികച്ച സംഘാടകൻ കൂടിയാണ് പ്രദീപ് കുമാര്‍. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജനകീയനായ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണ്ണായക പദവിയിൽ നിയമിക്കുന്നത്.
പാർട്ടി ഏല്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം, അത് നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് എ പ്രദീപ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ നന്നായി പ്രവർത്തിക്കുബോൾ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുന്നു. ഏല്പിക്കുന്ന ചുമതല നന്നായി ചെയ്യാൻ ശ്രമിക്കും. കേരളത്തിൽ തുടർ ഭരണം ഉണ്ടാവും എന്ന് സമൂഹം തീർച്ചപ്പെടുത്തിയതാണ്. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിരുന്നുവെന്നും എ പ്രദീപ് കുമാർ കൂട്ടിച്ചേര്‍ത്തു.