ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ; മഴക്കെടുതിയിൽ മരണം 12 ആയി ഉയർന്നു


ദില്ലി :- ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിലെ വിവിധയിടങ്ങളിൽ മാത്രമായി അഞ്ചു പേരാണ് മരിച്ചത്. മിന്നൽ പ്രളയത്തിൽ കാണാതായ ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു.

ഒഴുക്കിൽപ്പെട്ട് കാണാതായ മറ്റു തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീരിലെ രജൗരിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച്, ഉദ്ധംപൂർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 

ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞ് കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. ബസ് നദിയിൽ വീണ് ഒമ്പതുപേരെയാണ് കാണാതായത്. അടുത്ത രണ്ടുദിവസം കൂടി ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കുളുവിൽ മരത്തടികള്‍ കൂട്ടത്തോടെ മിന്നൽ പ്രളയത്തിൽ പുഴയിലൂടെ ഒലിച്ചുവരുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുളുവിലടക്കം മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. നിരവധി വാഹനങ്ങളാണ് ഒലിച്ചുപോയത്. വീടുകളും കടകളും പാലങ്ങളുമടക്കം തകര്‍ന്നിരുന്നു. നദികളിൽ ശക്തമായ നീരൊഴുക്ക് തുടരുകയാണ്. 

Previous Post Next Post