സംസ്ഥാനത്ത് പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടും ; നിർദേശവുമായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ


പാലക്കാട് :- അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു. ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500 ൽ നിന്ന് 1100 ആക്കി ചുരുക്കാനാണ്  നിർദേശം. 1100 ൽ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കും. നിലവിൽ 25,468 ബൂത്തുകളാണു സംസ്‌ഥാനത്തുള്ളത്. ഇതിനു പുറമേ 5,000 മുതൽ 7,000 വരെ പുതിയ ബൂത്തുകളുണ്ടാകും.

സ്‌ഥലത്തില്ലാത്തവർ, മാറിപ്പോയവർ, പരേതർ എന്നിവരെ ഒഴിവാക്കി പുതിയ ബൂത്തുകളുടെ എണ്ണം കുറയ്ക്കാൻ ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബി എൽഒ) നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ ബൂത്തുകൾക്കു സമീപമോ പരമാവധി 100 മീറ്റർ പരിധിയിലോ തന്നെ വോട്ടർമാർക്കു ബുദ്ധിമുട്ടാകാത്ത തരത്തിൽ പുതിയവ ഒരുക്കണമെന്നാണു നിർദേശം. 19നു നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും വോട്ടർമാരുടെ എണ്ണം 1,100 ആക്കി ചുരുക്കിയിട്ടുണ്ട്.

Previous Post Next Post