മയ്യിൽ :- സ്വയം പര്യാപ്ത ജൈവ പഞ്ചായത്ത് ആകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓണക്കനി നിറപ്പൊലിമ എന്ന പേരിൽ ചെണ്ടുമല്ലി, ഓണത്തിന് വേണ്ട പച്ചക്കറികൾ എന്നിവയുടെ കൃഷിക്ക് മയ്യിൽ സി ഡി എസിലെ നാലാം വാർഡ് ഇരുവാപ്പുഴനമ്പ്രത്ത് തുടക്കമായി.
ത്രിവേണി ജെ എൽ ജി അംഗങ്ങൾ ആയ നളിനി, ഷൈമ, നിഷ, കസ്തൂരി എന്നിവർ ചേർന്നാണ് ആറ് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. കൃഷി ഭവനിൽ നിന്നും ലഭിച്ച അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് പൂർണമായും ജൈവ രീതിയിൽ ആണ് കൃഷി.കുടുംബശ്രീ ആഴ്ച ചന്തകളും ഓണ വിപണന മേളകളും വഴി ആയിരിക്കും ഉത്പന്നങ്ങളുടെ വിപണനം.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഈ മാസം പദ്ധതി വ്യാപിപ്പിക്കും.
പഞ്ചായത്തിലെ നടീൽ ഉദ്ഘാടനം പ്രസിഡന്റ് എം.വി അജിത നിർവഹിച്ചു. വാർഡ് മെമ്പർ പി.സത്യഭാമ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ രതി വി.പി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ബ്ലോക്ക് കോ കോർഡിനേറ്റർ രമ്യ ഹരിദാസ്, കൃഷി ഓഫീസർ ജിതിൻഷാജു, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ അശോക് കുമാർ, അഖിൽ, ബിനോജ്, പാട ശേഖരം സെക്രട്ടറി അനൂപ്, അഗ്രി സി ആർ സി ശോഭ എ, അക്കൗണ്ടന്റ് പുഷ്പവല്ലി.എം, സി ഡി എസ് മെമ്പർ ശ്രീജ, ബാലസഭ ആർ പി ഭാസ്കരൻ വി.പി തുടങ്ങിയവർ പങ്കെടുത്തു.